ശ്രീലങ്കയ്ക്കെതിരെ വാങ്കഡേ സ്റ്റേഡിയത്തിൽ 2 റൺസ് വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ദീപക് ഹൂഡ- അക്സര്‍ പട്ടേൽ കൂട്ടുകെട്ട് 162 റൺസിലേക്ക് എത്തിച്ചപ്പോള്‍ ബൗളര്‍മാര്‍ ശ്രീലങ്കയ്ക്കെതിരെ വിജയം ഉറപ്പിച്ച നിമിഷത്തിൽ നിന്ന് മത്സരം കൈവിടുമെന്ന ഘട്ടത്തിലേക്കും ഒടുവിൽ 2 റൺസ് വിജയം ഇന്ത്യ നേടുകയായിരുന്നു. 160 റൺസിന് ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു
2 ഓവറിൽ 30 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് അവസാന ഓവറിൽ 13 റൺസിലേക്ക് ലക്ഷ്യം എത്തിക്കുവാന്‍ കരുണാരത്നേയ്ക്കായി. അവസാന ഓവറിൽ 3 പന്തിൽ 5 റൺസെന്ന നിലയിലേക്ക് എത്തിയെങ്കിലും അവിടെ നിന്ന് വിജയം നേടുവാന്‍ ശ്രീലങ്കയ്ക്കായില്ല.
അരങ്ങേറ്റക്കാരന്‍ ശിവം മാവി ഓപ്പണര്‍മാരെ പുറത്താക്കിയപ്പോള്‍ ഹര്‍ഷൽ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന് 2 റൺസ് അകലെ വരെ എത്തുവാനെ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളു
വനിന്‍ഡു ഹസരംഗയും ഷനകയ്ക്ക് മികച്ച പിന്തുണ നൽകി. ഹസരംഗ 10 പന്തിൽ 21 റൺസാണ് നേടിയത്. കുശൽ മെന്‍ഡിസ്(28) ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഷനക – ഹസരംഗ കൂട്ടുകെട്ട് ലക്ഷ്യം 6 ഓവറിൽ 56 റൺസാക്കി കുറച്ചപ്പോള്‍ ഹസരംഗയായിരുന്നു കൂട്ടുകെട്ടിൽ കൂടുതൽ അപകടകാരി.
40 റൺസ് നേടിയ കൂട്ടുകെട്ടിന് ശിവം മാവി തകര്‍ക്കുകയായിരുന്നു. ഹസരംഗയുടെ വിക്കറ്റാണ് മാവി നേടിയത്. 17ാം ഓവറിൽ ഉമ്രാന്‍ മാലിക് ഷനകയെ പുറത്താക്കിയപ്പോള്‍ 20 പന്തിൽ 34 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. 27 പന്തിൽ 45 റൺസായിരുന്നു ഷനക നേടിയത്.
ഇന്ത്യ ജയം ഉറപ്പിച്ച ഘട്ടത്തിലാണ് ഹര്‍ഷൽ പട്ടേലെറിഞ്ഞ 19ാം ഓവറിൽ 17 പിറന്നത്. ഇതോടെ ലക്ഷ്യം 6 പന്തിൽ 13 റൺസായി മാറി. ചാമിക കരുണാരത്നേ 23 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം മാവി ഇന്ത്യയ്ക്കായി 4 വിക്കറ്റം നേടി. ഉമ്രാന്‍ മാലിക് 2 വിക്കറ്റ് നേടി.