സർഫറാസിന് ഇമ്രാൻ ഖാന്റെ ഉപദേശം, ആദ്യന്തര ക്രിക്കറ്റ് കളിച്ച് പാകിസ്ഥാൻ ടീമിൽ ഇടം നേടൂ

Staff Reporter

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനോട് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ടീമിൽ ഇടം നേടാൻ ഉപദേശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. മിസ്ബാഹുൽ ഹഖിനെ മുഖ്യ സെലക്ടറായും പരിശീലകനായും നിയമിച്ച നടപടിയെ ഇമ്രാൻ ഖാൻ പിന്തുണക്കുകയും ചെയ്തു.

ടി20 മത്സരത്തിലെ പ്രകടനം വെച്ച് ഒരു താരത്തെ വിലയിരുത്തരുതെന്നും ടെസ്റ്റിലെയും ഏകദിന മത്സരങ്ങളിലെയും പ്രകടനം നോക്കി വേണം താരങ്ങളെ വിലയിരുത്തേണ്ടതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സർഫറാസിന് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തി ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ പറ്റുമെന്നും ഇമ്രാൻ ഖാൻകൂട്ടിച്ചേർത്തു.

ശ്രീലങ്കൻ രണ്ടാം നിര ടീമിനെതിരെ പാകിസ്ഥാനിൽ വെച്ച് ടി20 പരമ്പര 3-0ന് തോറ്റതോടെയാണ് സർഫറാസ് അഹമ്മദിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചത്. തുടർന്ന് പാകിസ്ഥാൻ ടീമിൽ നിന്നും താരം പുറത്താക്കപ്പെട്ടിരുന്നു. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുഖ്യ രക്ഷാധികാരികൂടിയാണ് ഇമ്രാൻ ഖാൻ.