ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ ഭുവനേശ്വർ കുമാറിനെയും ബുംറയെയും തന്റെ ടീമിൽ ലഭിച്ചത് തന്റെ ഭാഗ്യമായിട്ടാണ് കരുതുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ഒന്നാം ടി20 മത്സരത്തിന് മുൻപുള്ള പത്ര സമ്മേളനത്തിലാണ് കോഹ്‌ലി ഭുവിയെയും ബുംറയെയും പ്രകീർത്തിച്ച് രംഗത്ത് വന്നത്.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ ബൗളിംഗ് നയിക്കുന്നത് ഭുവനേശ്വർ കുമാറും ബുംറയുമാണ്. മാത്രവുമല്ല അടുത്ത വർഷം നടക്കുന്ന ലോകകപ്പിലും ഇന്ത്യയുടെ ബൗളിംഗ് നയിക്കുക ഇവർ തന്നെയാവും എന്നും കോഹ്‌ലി സൂചിപ്പിച്ചു. ലോകകപ്പിന് മുൻപുള്ള ചുരുങ്ങിയ സമയത്ത് ഇവർക്ക് പകരം മറ്റൊരാൾ വരാനുള്ള സാധ്യത വളരെ വിരളമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ഇവർ രണ്ടുപേരുടെയും ഉദയം മറ്റുള്ള പല താരങ്ങളുടെയും ഇന്ത്യൻ ടീമിലേക്കുള്ള വരവിനെ തടഞ്ഞുവെന്നും കോഹ്‌ലി പറഞ്ഞു. ലോകകപ്പ് വരെ ഇന്ത്യയുടെ മികച്ച താരങ്ങൾ ഒരുമിച്ച് കളിക്കണമെന്നതുകൊണ്ട് ഇവർക്ക് പകരക്കാരെ കളിപ്പിക്കാൻ പലപ്പോഴും സാധിക്കാറില്ലെന്നും കോഹ്‌ലി പറഞ്ഞു.