2026 ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) നൽകിയ 24 മണിക്കൂർ സമയപരിധി മറുപടിയൊന്നുമില്ലാതെ അവസാനിച്ചു. ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്താനുള്ള നടപടികളുമായി ഐസിസി മുന്നോട്ട് പോവുകയാണ്.

ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടൂർണമെന്റ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മത്സരങ്ങൾ മാറ്റുന്നത് പ്രായോഗികമല്ലെന്നും ഇന്ത്യയിൽ സുരക്ഷാ ഭീഷണികളില്ലെന്നും വ്യക്തമാക്കി ഐസിസി ഈ ആവശ്യം നിരസിക്കുകയായിരുന്നു.
മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ബിസിബിയുടെ ഈ കടുത്ത നിലപാടിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ഈ വാശി ടീമിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ആഗോള വേദിയിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ട താരങ്ങൾക്ക് രാഷ്ട്രീയ തർക്കങ്ങൾ കാരണം അവസരം നഷ്ടമാകുന്നത് കായിക ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ബംഗ്ലാദേശ് പിന്മാറുന്ന സാഹചര്യത്തിൽ റാങ്കിംഗിൽ മുന്നിലുള്ള സ്കോട്ട്ലൻഡ് ഗ്രൂപ്പ് ബി-യിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയേറി.
സ്കോട്ട്ലൻഡിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അവസരമാണ് നൽകുന്നത്.









