പുരുഷ-വനിതാ ക്രിക്കറ്റിൽ ഇനി മുതൽ തുല്യ സമ്മാനത്തുക. ഡർബനിൽ നടന്ന വാർഷിക സമ്മേളനത്തിൽ ഐസിസി വനിതകളുടെയും പുരുഷന്മാരുടെയും മത്സരങ്ങൾക്ക് തുല്യമായ സമ്മാനത്തുക പ്രഖ്യാപിച്ചു. അണ്ടർ 19 ലോകകപ്പുകളും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.
“ഇത് ഞങ്ങളുടെ കായിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്, ഐസിസി ആഗോള ഇവന്റുകളിൽ മത്സരിക്കുന്ന പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇപ്പോൾ തുല്യമായ പ്രതിഫലം ലഭിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ പറഞ്ഞു.
“2017 മുതൽ, തുല്യ സമ്മാനത്തുകയിലെത്തുന്നതിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ വർഷവും ഞങ്ങൾ വനിതാ ഇവന്റുകളിൽ സമ്മാനത്തുക വർദ്ധിപ്പിച്ചിട്ടുണ്ട്, ഇനി മുതൽ, ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുമ്പോൾ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് തുല്യമായ സമ്മാനത്തുക ലഭിക്കും. ടി20 ലോകകപ്പുകൾക്കും അണ്ടർ 19കൾക്കും ഇത് ബാധകമാകും” അദ്ദേഹം പറഞ്ഞു.
പുരുഷ-വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ ഓരോ ഗെയിമും ജയിക്കുന്നതിനും റണ്ണേഴ്‌സ് അപ്പ് ആകുന്നതിനും സെമിഫൈനലുകളിൽ എത്തുന്നതിനും എല്ലാം ഇനി ഒരേ തുക ലഭിക്കും. ഈ വർഷം ആദ്യം നടന്ന വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയക്ക് ഒരു മില്യൺ യുഎസ് ഡോളർ സമ്മാനത്തുക ലഭിച്ചിരുന്നു. 2022 നവംബറിൽ പുരുഷ കിരീടം നേടിയ ഇംഗ്ലണ്ട് 1.6 മില്യൺ യുഎസ് ഡോളർ ആയിരുന്നു സമ്മാനത്തുക.