ഇയാന്‍ സ്മിത്തിനെ ആദരിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്

Sports Correspondent

ക്രിക്കറ്റിനുള്ള അതുല്യമായ സേവനങ്ങള്‍ക്ക് ഇയാന്‍ സ്മിത്തിനെ ആദരിച്ച് ന്യൂസിലാണ്ട്. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇയാന്‍ സ്മിത്തിന് ന്യൂസിലാണ്ട് ക്രിക്കറ്റ് ബെര്‍ട് സട്ക്ലിഫ് മെഡല്‍ നല്‍കിയാണ് ആദരിച്ചത്. വിര്‍ച്വല്‍ ചടങ്ങില്‍ ന്യൂസിലാണ്ട് ക്രിക്കറ്റ് ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ ആണ് മെഡല്‍ കൈമാറിയത്.

ഇതിന് മുമ്പ് സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി, വാള്‍ട്ടര്‍ ഹാഡ്‍ലി, ഗ്രഹാം ഡൗളിംഗ്, മെര്‍വ് വാല്ലസ്, ജോണ്‍ റീഡ്, ഈവന്‍ ചാറ്റ്ഫീല്‍ഡ് എന്നിവര്‍ ഈ മെഡലിന് അര്‍ഹരായിട്ടുണ്ട്.

12 വര്‍ഷം നീണ്ട കരിയറില്‍ ഇയാന്‍ സ്മിത്ത് രാജ്യത്തിനായി 63 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 1980 നവംബറില്‍ ഗാബയില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഓക്ലാന്‍ഡില്‍ ഇന്ത്യയ്ക്കെതിരെ 1990 ല്‍ നേടിയ 173 റണ്‍സാണ് താരത്തിന്റെ മികച്ച ഇന്നിംഗ്സുകളില്‍ ഒന്ന്.

98 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഇയാന്‍ സ്മിത്ത് ന്യൂസിലാണ്ടിന്റെ 1992ലെ സെമി ഫൈനല്‍ കളിച്ച ലോകകപ്പ് ടീമില്‍ അംഗമായിരുന്നു.