വാര്‍വിക്ക്ഷയറുമായുള്ള കരാര്‍ പുതുക്കി ഇയാന്‍ ബെല്‍

Sports Correspondent

വാര്‍വിക്ക്ഷയറുമായുള്ള തന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കി മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍. 2021 സീസണ്‍ വരെ താരം കൗണ്ടിയ്ക്കായി കളിക്കുമെന്നാണ് അറിയുന്നത്. ഇയാന്‍ ബെല്‍ അവസാനമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് 2018 സെപ്റ്റംബറിലാണ്. ഇതുവരെ വാര്‍വിക്ക്ഷയറിനൊപ്പം എല്ലാ ഫോര്‍മാറ്റിലുമായി ആറ് കിരീടം ആണ് താരം നേടിയിട്ടുള്ളത്.

2019 സീസണ്‍ പരിക്ക് മൂലം താരത്തിന് നഷ്ടമായിരുന്നു. അതെ സമയം ടീമിന്റെ സെക്കന്‍ഡ് ഇലവന് വേണ്ടി താരം കഴിഞ്ഞ ജൂലൈയില്‍ കളിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ 287 മത്സരങ്ങളാണ് ഇയാന്‍ ബെല്‍ ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി ആഷസ് അഞ്ച് തവണ നേടിയിട്ടുള്ള മൂന്ന് താരങ്ങളില്‍ ഒരാളാണ് ഇയാന്‍ ബെല്‍.

118 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ഇയാന്‍ ബെല്‍. എല്ലാ ഫോര്‍മാറ്റിലുമായി താരം 26 ശതകങ്ങള്‍ നേടിയിട്ടുണ്ട്.