റബാഡ തന്നെക്കാള്‍ മികച്ചത്, ലോകകപ്പില്‍ എനിക്ക് എന്റെ പങ്ക് വഹിക്കാനാകും: സ്റ്റെയിന്‍

Sports Correspondent

2019 ഏകദിന ലോകകപ്പില്‍ തനിക്കും ദക്ഷിണാഫ്രിക്കയ്ക്കായി പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ഡെയില്‍ സ്റ്റെയിന്‍. ദക്ഷിണാഫ്രിക്കയ്ക്കായി അവസാനമായി താരം ഏകദിനം കളിച്ചത് 2016 ഒക്ടോബറിലാണ്. തന്റെ തിരിച്ചുവരവ് ലക്ഷ്യമാക്കി തന്നെയാണ് താന്‍ പരിശ്രമിക്കുന്നതെന്ന് പറഞ്ഞ താരം തന്റെ അനുഭവസമ്പത്ത് ദക്ഷിണാഫ്രിക്കയുടെ പുതിയ നിരയ്ക്ക് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

കാഗിസോ റബാഡ തന്നെക്കാള്‍ ഇപ്പോള്‍ മികച്ച ഫോമിലാണെന്ന് പറഞ്ഞ സ്റ്റെയിന്‍ തനിക്ക് തന്റെതായ റെക്കോര്‍ഡുകള്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ റബാഡ തന്നെയാണ് മുന്നില്‍ എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് സ്റ്റെയിന്‍ പറഞ്ഞു. റബാഡയ്ക്ക് ഇല്ലാത്തത് തനിക്കുള്ളതാണ്, അനുഭവസമ്പത്ത്. അത് റബാഡയ്ക്കും ഗിഡി പോലുള്ള യുവ പേസര്‍മാര്‍ക്ക് പങ്കുവയ്ക്കുവാന്‍ താന്‍ തയ്യാറാണെന്നും സ്റ്റെയിന്‍ പറഞ്ഞു.

തന്നില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച് ഇവര്‍ക്ക് ഇനിയും മികച്ച താരങ്ങളായി മാറാമെന്നാണ് സ്റ്റെയിന്‍ അഭിപ്രായപ്പെട്ടത്. ടീമിലെ ബൗളര്‍മാരുടെ പരിചയസമ്പത്തെടുത്താല്‍ അവിടെയാണ് ദക്ഷിണാഫ്രിക്ക പിന്നില്‍ നില്‍ക്കുന്നതെന്നാണ് സ്റ്റെയിന്‍ അഭിപ്രായപ്പെട്ടത്. ബാറ്റ്സ്മാന്മാരെ നോക്കിയാല്‍ അവര്‍ എല്ലാവരും ചേര്‍ന്ന് 800ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് എന്നാല്‍ ബൗളര്‍മാരുടെ മത്സര പരിചയം 150 മത്സരത്തോളമേ വരികയുള്ളു. ഇവിടെയാണ് തനിക്ക് ടീമിനെ സഹായിക്കാനാകുന്നതെന്ന് സ്റ്റെയിന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial