ധാക്ക പ്രീമിയര്‍ ലീഗിലെ താരങ്ങളുടെ മോശം പെരുമാറ്റത്തിനെത്തുടര്‍ന്ന് അമ്പയറിംഗ് മതിയാക്കുകയാണെന്ന് തീരുമാനിച്ച് ബംഗ്ലാദേശി അമ്പയര്‍ മോനിറുസ്സമാന്‍. ബംഗ്ലാദേശിന്റെ ഐസിസി എമേര്‍ജിംഗ് പാനലിൽ മോര്‍ഷദ് അലി ഖാനോടൊപ്പം അംഗമായ മോനിറുസ്സമാന്‍ എലൈറ്റ് പാനലിൽ സ്ഥാനം പിടിക്കുവാന്‍ സാധ്യതയുള്ള അമ്പയറായാണ് കണക്കാക്കുന്നത്.
ഷാക്കിബും മഹമ്മുദുള്ളയുമാണ് ധാക്ക പ്രീമിയര്‍ ലീഗിനിടെ മോശം പെരുമാറ്റം പുറത്തെടുത്ത താരങ്ങള്‍. മോനിറുസ്സമാന്‍ ടിവി അമ്പയര്‍ ആയ മത്സരത്തിലാണ് മഹമ്മുദുള്ള ഗ്രൗണ്ടിൽ കിടന്ന് മത്സരവുമായി സഹകരിക്കാതെ പ്രതിഷേധിച്ചത്.
തനിക്കും ആത്മാഭിമാനമുണ്ടെന്നും അതുമായി ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ അമ്പയര്‍ ഷാക്കിബിന്റെയും മഹമ്മുദുള്ളയുടെയും പെരുമാറ്റമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നും വ്യക്തമാക്കി.
അമ്പയര്‍മാര്‍ക്കും തെറ്റ് പറ്റുമെന്നും എന്നാൽ ഇത്തരത്തിലല്ല തങ്ങളോട് പെരുമാറേണ്ടതെന്നും മോനിറുസ്സമാന്‍ വ്യക്തമാക്കി. താന്‍ മാച്ച് ഫീസ് മാത്രം വാങ്ങിച്ചാണ് കളി നിയന്ത്രിക്കുന്നതെന്നും ബിസിബി ജീവനക്കാരന്‍ അല്ലാത്തതിനാൽ തന്നെ ലഭിയ്ക്കുന്ന തുച്ഛമായ പണത്തിന് ഇത്തരത്തിൽ മോശം പെരുമാറ്റം സഹിച്ച് തുടരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.