2019 ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ഇപ്പോള്‍ ഐസിസി വിലക്ക് നേരിടുന്ന താരം പറയുന്നത് അടുത്ത ലോകകപ്പിലും തനിക്ക് കളിക്കാനാകുമെന്നാണ്. സ്പിന്‍ സൗഹൃദമായ പിച്ചുകളില്‍ കളി നടക്കുന്നതിനാല്‍ തന്നെ താന്‍ ഈ അവസരത്തിനായി ഉറ്റുനോക്കുകയാണെന്ന് താരം പറഞ്ഞു.
വളരെ ദൂരെയുള്ള കാര്യമാണിത് അതിനാല്‍ തന്നെ ഇപ്പോളത്തെ പ്രതീക്ഷയില്‍ കാര്യമില്ലെന്നറിയാമെങ്കിലും താന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ഷാക്കിബ് പറഞ്ഞു. ഫിറ്റെനെസ്സും ഫോമും തനിക്ക് തുണയായി ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു. 2019 ലോകകപ്പ് ബംഗ്ലാദേശ് ഏറെ പ്രതീക്ഷിച്ച ടൂര്‍ണ്ണമെന്റാണെങ്കിലും വേണ്ട വിധത്തില്‍ ടീമിന് കളിക്കാനായില്ലെന്ന് ഷാക്കിബ് അഭിപ്രായപ്പെട്ടു. ഏഷ്യയില്‍ കളിക്കുമ്പോള്‍ സ്ഥിതി ഇതായിരിക്കില്ലെന്നും ഒരു ടീമിനെയും ബംഗ്ലാദേശ് പേടിക്കേണ്ട കാര്യമില്ലെന്നും ഷാക്കിബ് പറഞ്ഞു.
ടീമെന്ന നിലയില്‍ ബംഗ്ലാദേശ് തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിന് അല്പം സമയം എടുക്കുമെങ്കിലും അടുത്ത ലോകകപ്പ് ആവുമ്പോള്‍ കൂടുതല്‍ സന്തുലിതമായ ഒരു ടീമായിരിക്കും ബംഗ്ലാദേശിന്റേതെന്ന് ഷാക്കിബ് പ്രത്യാശ പ്രകടിപ്പിച്ചു.