ബിഗ് ബാഷ് ലീഗ് (BBL) ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് വിജയവുമായി ബ്രിസ്‌ബേൻ ഹീറ്റ്. ഗാബയിൽ നടന്ന ടൂർണമെന്റിലെ ആറാം മത്സരത്തിൽ പെർത്ത് സ്കോർച്ചേഴ്സ് ഉയർത്തിയ 258 റൺസ് എന്ന കൂറ്റൻ ലക്ഷ്യം എട്ട് വിക്കറ്റുകൾ ബാക്കിനിൽക്കെ 19.5 ഓവറിൽ ഹീറ്റ് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്കോർച്ചേഴ്സ്, ഫിൻ അല്ലൻ (38 പന്തിൽ 79), കൂപ്പർ കോനോലി (37 പന്തിൽ 77) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

എന്നാൽ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ജാക്ക് വൈൽഡർമുത്തും (54 പന്തിൽ 110*), മാറ്റ് റെൻഷോയും (51 പന്തിൽ 102) ചേർന്ന് ബ്രിസ്‌ബേൻ ഹീറ്റിനായി അവിശ്വസനീയമായ പോരാട്ടം കാഴ്ചവെച്ചു. ഇരുവരും സെഞ്ച്വറി നേടിയതോടെ മത്സരം ഹീറ്റിന്റെ കൈപ്പിടിയിലായി. ഭയമില്ലാത്ത ബാറ്റിംഗിലൂടെയും പെർത്ത് സ്കോർച്ചേഴ്സിന്റെ ഫീൽഡിംഗ് പിഴവുകൾ മുതലാക്കിയും അവർ ചരിത്ര വിജയം ഉറപ്പിച്ചു. മാറ്റ് റെൻഷോയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണിത്. ഐപിഎൽ 2024-ൽ പഞ്ചാബ് കിംഗ്‌സ് (262/2), 2023-ൽ ദക്ഷിണാഫ്രിക്ക (259/4) എന്നിവർക്ക് പിന്നിലായാണ് ഹീറ്റിന്റെ ഈ പ്രകടനം.









