സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ 281/3 എന്ന മികച്ച നിലയിൽ ഓസ്ട്രേലിയ. ഇന്നലെ രണ്ടാം ദിവസം 211/2 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്ക്ക് നൈറ്റ് വാച്ച്മാന്‍ മൈക്കൽ നീസറിന്റെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 103 റൺസ് പിന്നിലായാണ് ഓസ്ട്രേലിയ ഇപ്പോള്‍.
24 റൺസ് നേടിയ നീസര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 234 റൺസാണ് നേടിയത്. പിന്നീട് നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തും 47 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഓസ്ട്രേലിയ കൂടുതൽ വിക്കറ്റുകളുടെ നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിച്ചു.
തലേ ദിവസം 91 റൺസിലായിരുന്ന ട്രാവിസ് ഹെഡ് 162 റൺസും സ്റ്റീവന്‍ സ്മിത്ത് 16 റൺസും നേടിയാണ് ക്രീസിലുള്ളത്. നീസറിന്റെ വിക്കറ്റ് ബ്രൈഡൺ കാര്‍സിന് ആണ്.
നേരത്തെ ജോ റൂട്ടിന്റെ 160 റൺസിന്റെയും ഹാരി ബ്രൂക്ക് നേടിയ 84 റൺസിന്റെയും ബലത്തിൽ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 384 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.









