സിഡ്‌നി: വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയൻ ടീമിന്റെ ഒരുക്കങ്ങൾക്ക് കനത്ത തിരിച്ചടി. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയക്കെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (SCG) നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ജോഷ് ഹേസൽവുഡ്, സീൻ ആബട്ട് എന്നിവർ പരിക്കേറ്റ് കളം വിട്ടതോടെയാണ് ആശങ്ക ഉയർന്നത്. ഇന്നലെ (ബുധനാഴ്ച) മൂന്നാം ദിവസത്തെ ഉച്ചഭക്ഷണത്തിന് ശേഷം ഇരു ബൗളർമാരും മടങ്ങിയെത്തിയില്ല. പെർത്തിൽ നടക്കുന്ന ആഷസ് പരമ്പരയുടെ ആദ്യ ടെസ്റ്റ് അടുത്തിരിക്കെ ഇത് താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.

ഇന്ത്യക്കെതിരായ വൈറ്റ്-ബോൾ പരമ്പരയിൽ മികച്ച ഫോമിലായിരുന്ന ഹേസൽവുഡ്, ആദ്യ സെഷന്റെ മധ്യത്തിൽ ഫീൽഡ് വിട്ടുപോയിരുന്നു. കളിയിൽ 4-18 എന്ന നിലയിൽ വിക്ടോറിയയുടെ മധ്യനിരയെ തകർത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ആബട്ടും തൊട്ടുപിന്നാലെ കളം വിട്ടു. പരിക്കിന്റെ തീവ്രത ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഇരു ബൗളർമാരും മെഡിക്കൽ നിരീക്ഷണത്തിലാണ്.
നടുവേദനയിൽ നിന്ന് മോചിതനാകാത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അഭാവം ടീമിനെ ബാധിക്കുമ്പോഴാണ് ഈ ഇരട്ടപ്രഹരം. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ശക്തിയായി കണക്കാക്കപ്പെടുന്ന പേസ് ബൗളിംഗ് നിര ഇപ്പോൾ കടുത്ത വെല്ലുവിളി നേരിടുകയാണ്. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട് എന്നിവരും ഇതേ ഷീൽഡ് മത്സരത്തിൽ കളിക്കുന്നുണ്ട്.














