പാകിസ്താൻ ആതിഥ്യം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് വരണം എന്ന് പാകിസ്താൻ പേസ് ബൗളർ ഹസൻ അലി. ഇന്ത്യയിൽ കളിക്കാൻ ഞങ്ങൾ പോകുന്നുണ്ടെങ്കിൽ ഇന്ത്യക്ക് പാകിസ്താനിലേക്കും വരാം എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വന്നില്ലെങ്കിൽ ഇന്ത്യ ഇല്ലാതെ ടൂർണമെന്റ് മുന്നോട്ട് പോകും എന്നും ഹസൻ അലി പറഞ്ഞു.
“നമ്മൾ ഇന്ത്യയിലേക്ക് കളിക്കാൻ പോകുന്നുണ്ടെങ്കിൽ അവർ പാകിസ്ഥാനിലേക്കും വരണം, രാഷ്ട്രീയത്തിൽ നിന്ന് കായിക രംഗത്തെ മാറ്റി നിർത്തണം എന്ന് പലരും എണ്ണമറ്റ തവണ പറഞ്ഞിട്ടുണ്ട്.” ഹസൻ അലി പറഞ്ഞു.
“നിരവധി ഇന്ത്യൻ കളിക്കാർ പാകിസ്ഥാനിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്, അതിനാൽ അവരല്ല വരാൻ ആഗ്രഹിക്കാത്തത്.” ഹസൻ പറഞ്ഞു.
“ഞങ്ങളുടെ (പിസിബി) ചെയർമാൻ നേരത്തെ പറഞ്ഞതുപോലെ, ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നടക്കുകയാണെങ്കിൽ, അത് പാകിസ്ഥാനിൽ തന്നെ ആയിരിക്കും നടക്കുക. ഇന്ത്യ വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഞങ്ങൾ അവരെ കൂടാതെ കളിക്കും. പാക്കിസ്ഥാനിൽ തന്നെ ക്രിക്കറ്റ് കളിക്കണം, ഇന്ത്യ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഇന്ത്യയെ കൂടാതെ തന്നെ നല്ല മറ്റ് നിരവധി ടീമുകൾ ഉണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.