ഈ വർഷം ഇന്ത്യൻ ക്രിക്കറ്റ് ആരംഭിച്ചത് വിവാദങ്ങളോടെയാണ്. കോഫി വിത്ത് കരണിലെ സ്ത്രീ വിരുദ്ധ പരാമർശത്തിലൂടെ ഇന്ത്യൻ യുവതാരങ്ങളായ കെ എൽ രാഹുലും ഹാർദ്ദിക് പാണ്ഡ്യയും വിവാദം ക്ഷണിച്ച് വരുത്തുകയായിരുന്നു. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ നിന്നുമുയർന്ന പ്രതിഷേധത്തെ തുടർന്ന് ഇരു താരങ്ങളെയും ബിസിസിഐ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇരു താരങ്ങൾക്കെതിരെയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ബിസിസിഐ ഓംബുഡ്സ്മാനായ ഡികെ ജെയിനാണ് ഇരു താരങ്ങളും 20 ലക്ഷം രൂപ വീതം പിഴയായി അടക്കാൻ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.
പത്ത് ലക്ഷം രൂപവീതം ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷനിൽ കെട്ടിവെക്കാനും ഇരു താരങ്ങളും ഓരോ ലക്ഷം രൂപവീതം രാജ്യത്തിന് വേണ്ടി ജീവനർപ്പിച്ച 10 പാരാമിലിട്ടറി ഉദ്യോഗസ്ഥരുടെ വിധവകൾക്ക് നൽകാനുമാണ് ഉത്തരവിട്ടത്. ലോകകപ്പ് അടുത്ത് വരാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ച വിവാദം അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. ഇരു താരങ്ങളും ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്.