അടുത്ത് ഏഴ് എട്ട് മാസം ടീം തിരയുന്ന ഓള്‍റൗണ്ടറുടെ ദൗത്യം ഏറ്റെടുക്കുവാനായി എന്തും ചെയ്യാമെന്ന് ഹാര്‍ദ്ദിക് സമ്മതിച്ചിട്ടുണ്ട് – കോഹ്‍ലി

Sports Correspondent

ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് വേണ്ടിയുള്ള ടീം കോമ്പിനേഷനുകള്‍ പരീക്ഷിക്കുയാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ നിന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. അതില്‍ ഓപ്പണിംഗും മധ്യനിരയും മാത്രമല്ല ആകെയുള്ള ടീമിന്റെ ഘടനയില്‍ തന്നെ മാറ്റമുണ്ടായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി ബൗളിംഗ് ദൗത്യം ഏറ്റെടുക്കാത്ത ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ബൗളിംഗ് കൂടുതലായി നല്‍കി വരികയാണ് ഇന്ത്യ ഏതാനും മത്സരങ്ങളിലായി. ഇത് ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം കോമ്പിനേഷന്റെ ഭാഗമായുള്ള നീക്കമാണെന്നാണ് ഏവരും വിലയിരുത്തപ്പെടുന്നത്.

ഹാര്‍ദ്ദിക് ഇന്ത്യയ്ക്കായി മൂന്ന് ഓവറുകളോളം ഇപ്പോള്‍ എല്ലാ മത്സരത്തിലും എറിയുന്നുണ്ട്, അതിന് അദ്ദേഹത്തിന് താന്‍ അഭിനന്ദനം അറിയിക്കുന്നുവെന്നാണ് മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞത്.

ഇന്ത്യന്‍ ടീമിന് ആവശ്യമായ ഓള്‍റൗണ്ടറായി മാറുവാന്‍, അതും മൂന്ന് ഫോര്‍മാറ്റിലും, താന്‍ എന്ത് വേണമെങ്കിലും അടുത്ത് ആറ് മുതല്‍ എട്ട് മാസത്തില്‍ ചെയ്യാന്‍ തയ്യാറാണെന്ന് ഹാര്‍ദ്ദിക് ടീം മാനേജ്മെന്റിനോട് സമ്മതിച്ചിട്ടുണ്ടെന്നും കോഹ്‍ലി പറഞ്ഞു.

താരത്തിന് രണ്ട് മുതല്‍ നാല് ഓവര്‍ വരെ സ്ഥിരമായി കണിശതയോടെ എറിയുവാന്‍ സാധിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ഒരു ബാറ്റ്സ്മാനെ അധികം ഉപയോഗിക്കുവാനാകും എന്നതാണ് ഈ നീക്കത്തിലെ ഗുണം.