പാക്കിസ്ഥാനെ ഇപ്പോള്‍ അലട്ടുന്നത് വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ കഴിവുള്ള ഒരു താരത്തിന്റെ അഭാവമാണെന്ന് പറഞ്ഞ് കോച്ച് മിക്കി ആര്‍തര്‍. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിനങ്ങളും പരാജയപ്പെട്ടെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ എപ്പോളും വേണ്ടത്ര റണ്‍സ് നേടാനാകാതെ പോയതും ചേസ് ചെയ്യുമ്പോള്‍ റണ്‍ റേറ്റ് നിലനിര്‍ത്തി മുന്നേറുവാന്‍ കഴിയാതെ പോയതുമാണ് പാക്കിസ്ഥാന് തിരിച്ചടിയായി മാറിയിരികകുന്നത്.
ഹിറ്റിംഗ് പൊസിഷനുകളില്‍ കൃത്യമായ താരങ്ങളെ ഉപയോഗിക്കുവാന്‍ കണ്ടെത്തുക എന്നതാണ് പാക്കിസ്ഥാന്‍ ഏറ്റവും പുതിയ വെല്ലുവിളി. ഇമാദ് വസീം, ഹസന്‍ അലി, ഫഹീം അഷ്റഫ്, ഷദബ് ഖാന്‍ എന്നീ താരങ്ങള്‍ക്കൊപ്പം ഷൊയ്ബ് മാലിക്കിനും മുഹമ്മദ് ഹഫീസിനും ഈ കഴിവുണ്ടെന്നത് സത്യമാണെങ്കിലും ഇപ്പോളും പവര്‍ ഹിറ്റിംഗ് പാക്കിസ്ഥാന്റെ ഒരു തലവേദന തന്നെയാണെന്ന് മിക്കി ആര്‍തര്‍ വ്യക്തമാക്കി.
പുതിയ താരങ്ങളെ കണ്ടെത്തുവാനുള്ള പരമ്പരയായിയാണ് ഈ പരമ്പര വിശേഷിപ്പിച്ചതെങ്കിലും അങ്ങനെ ഒരു കണ്ടെത്തല്‍ പാക്കിസ്ഥാനു നടത്തുവാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ടീമിലേക്ക് തിരികെ അവസരം നല്‍കിയ ഉമര്‍ അക്മലും ഒരു പരാജയമായി മാറുകയായിരുന്നു. താരത്തിനും അഞ്ച് മത്സരങ്ങളില്‍ നിന്ന് 150 റണ്‍സ് മാത്രമേ നേടാനായുള്ളു.