ഏഷ്യ കപ്പില്‍ നിന്ന് സീനിയര്‍ താരം മുഹമ്മദ് ഹഫീസിനെ ഒഴിവാക്കിയെങ്കിലും താരം പാക്കിസ്ഥാന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട് ഇന്‍സമാം ഉള് ഹക്ക്. താരത്തിനെ ഒഴിവാക്കിയതാണെന്നും വിശ്രമം നല്‍കിയതല്ലെന്നും ഇന്‍സമാം വ്യക്തമാക്കി. 18 അംഗ പ്രാഥമിക സ്ക്വാഡില്‍ നിന്ന് രണ്ട് താരങ്ങള്‍ പുറത്താക്കപ്പെട്ടതില്‍ ഒന്ന് മുഹമ്മദ് ഹഫീസായിരുന്നു. മറ്റൊരു താരം ഇമാദ് വസീമും. സിംബാബ്വേയില് ഏകദിന പരമ്പരയുടെ ഭാഗമായിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ പോലും മുഹമ്മദ് ഹഫീസ് കളിച്ചിരുന്നില്ല.
ലഭിക്കുന്ന വിവര പ്രകാരം അന്ന് അവസാന ഏകദിനത്തില്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും മറ്റു മത്സരങ്ങളില്‍ തനിക്ക് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടീമില്‍ കളിക്കുന്നതില്‍ നിന്ന് താരം വിസമ്മതിക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാന്റെ ബി വിഭാഗം കരാര്‍ ഒപ്പു വയ്ക്കുന്നതിലും താരം ആദ്യം വിമുഖത കാണിച്ചിരുന്നുവെങ്കിലും അവസാനം ഒപ്പുവയ്ക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നും താരത്തിനെ ഇപ്പോള്‍ പുറത്താക്കിയതില്‍ കാരണമായിട്ടില്ലെന്നാണ് ഇന്‍സമാം പറഞ്ഞത്. മറ്റു താരങ്ങളെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് താരത്തിനെ ഇപ്പോള്‍ ഒഴിവാക്കിയതെന്നും ഇന്‍സമാം പറഞ്ഞു.
ലോകകപ്പിനായി പാക്കിസ്ഥാന് പരിഗണിക്കുന്ന 20-22 താരങ്ങളില്‍ ഒരാള്‍ ഹഫീസുമാണെന്ന് ഇന്‍സമാം വെളിപ്പെടുത്തി.