മഴ തടസ്സപ്പെടുത്തിയ വാങ്കഡെ സ്റ്റേഡിയത്തിലെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് മൂന്ന് വിക്കറ്റിൻ്റെ തകർപ്പൻ വിജയം നേടി. മത്സരം അവസാനം 19 ഓവറായി ചുരുക്കിയിരുന്നു. അവസാന ഓവറിൽ 15 അടിച്ചാണ് ജിടി ജയിച്ചത്. ഗുജറാത്ത് അവസാന പന്തിലാണ് പുതുക്കിയ വിജയലക്ഷ്യമായ 147 റൺസ് മറികടന്നത്. അവസാന ഓവറിൽ രാഹുൽ തെവാട്ടിയയും ജെറാൾഡ് കോയറ്റ്സിയും ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് തുടക്കം തകർച്ചയോടെയായിരുന്നു. റിക്കെൽട്ടണെയും രോഹിത് ശർമ്മയെയും അവർക്ക് പെട്ടെന്ന് നഷ്ടമായി. പിന്നീട് വിൽ ജാക്സും സൂര്യകുമാർ യാദവും ചേർന്ന് 71 റൺസിൻ്റെ കൂട്ടുകെട്ടുമായി ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. ജാക്സ് 35 പന്തിൽ 53 റൺസും സൂര്യ 24 പന്തിൽ 35 റൺസും നേടി. എന്നാൽ ഇരുവരും പുറത്തായ ശേഷം സായ് കിഷോറും റാഷിദ് ഖാനും ഗുജറാത്തിനായി ശക്തമായി തിരിച്ചെത്തി. അവസാന ഓവറുകളിൽ കോർബിൻ ബോഷ് 27 റൺസ് നേടിയെങ്കിലും മുംബൈക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് സായ് സുദർശനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ശുഭ്മാൻ ഗില്ലും ജോസ് ബട്‌ലറും ചേർന്ന് 72 റൺസിൻ്റെ കൂട്ടുകെട്ടുമായി ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോയി. ഗിൽ 43 റൺസും ബട്‌ലർ 30 റൺസും നേടി വിജയലക്ഷ്യത്തിന് അടുത്തെത്തിച്ചു. എന്നാൽ ബുംറ, ബോൾട്ട്, അശ്വനി കുമാർ എന്നിവർ മധ്യ ഓവറുകളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്തിയതോടെ മത്സരം കൂടുതൽ ആകാംഷ നിറഞ്ഞതായി. പക്ഷേ ഷെർഫെയ്ൻ റഥർഫോർഡിൻ്റെ വെടിക്കെട്ട് 28 റൺസും കോയറ്റ്സിയുടെ ആറ് പന്തിലെ 12 റൺസും കളി ഗുജറാത്തിന് അനുകൂലമാക്കി. അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരുന്നപ്പോൾ തെവാട്ടിയയും കോയറ്റ്സിയും തങ്ങളുടെ മനസ്സാന്നിധ്യം കാത്തുസൂക്ഷിക്കുകയും ഗുജറാത്തിനെ നാടകീയ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. അവസാന പന്തിൽ ഹാർദിക് പാണ്ഡ്യ റണ്ണൗട്ട് ചാൻസ് മിസ് ചെയ്തതും ഗുജറാത്തിന് ഗുണമായി.