കാനഡ ഗ്ലോബൽ ടി20 ലീഗിൽ യുവരാജിന്റെ ഓൾ റൗണ്ട് പ്രകടനത്തിനും ടൊറന്റോയെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ടൊറന്റോ നാഷണൽസ് ഉയർത്തിയ 217 റൺസ് എന്ന ലക്‌ഷ്യം അവസാന പന്തിൽ 3 വിക്കറ്റ് ശേഷിക്കെ വിന്നിപെഗ് ഹോക്സ് മറികടക്കുകയായിരുന്നു. 48 പന്തിൽ 89 റൺസ് എടുത്ത ക്രിസ് ലിന്നിന്റെയും 27 പന്തിൽ 58 റൺസ് എടുത്ത സോഹലിന്റെയും 21 പന്തിൽ 43 റൺസ് എടുത്ത ഷൈമാൻ അൻവറിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് വിന്നിപെഗ് ഹോക്സ് ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ബ്രാവോയുടെ വിക്കറ്റ് സ്വന്തമാക്കാനും യുവരാജ് സിംഗിനായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നാഷണൽസ് 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് നേടിയത്. ഓപണർ റോഡ്രിഗോ തോമസിന്റെ വെടിക്കെട്ട് തുടക്കത്തിന് പിന്നാലെ യുവരാജ് സിങ്ങും പൊള്ളാർഡും നടത്തിയ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ടൊറന്റോ നാഷണൽസ് 216 റൺസ് നേടിയത്. തോമസ് 46 പന്തിൽ 65 റൺസ് എടുത്തപ്പോൾ 21 പന്തിൽ 52 റൺസ് നേടി പൊള്ളാർഡും 26 പന്തിൽ 45 റൺസ് നേടി യുവരാജ് സിങ്ങും ടൊറന്റോയുടെ സ്കോറിന് ഉയർത്തി. വിന്നിപെഗ് ഹോക്സിന് വേണ്ടി ബ്രാവോ നാല് വിക്കറ്റ് വീഴ്ത്തി.