ആവേശകരമായ മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെ രണ്ട് വിക്കറ്റിനു പരാജയപ്പെടുത്തി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ജയിച്ച പാട്രിയറ്റ്സിനു രണ്ടാം ക്വാളിഫയറില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ നേരിടാം. അതേ സമയം ജമൈക്ക തല്ലാവാസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഒരു പന്ത് ശേഷിക്കെയാണ് ജമൈക്ക നേടിയ 191 റണ്‍സ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ പാട്രിയറ്റ്സ് മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത ജമൈക്ക ഗ്ലെന്‍ ഫിലിപ്പ്സ് നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടുകയായിരുന്നു. 6 സിക്സും 9 ബൗണ്ടറിയും സഹിതം 63 പന്തില്‍ നിന്ന് ഗ്ലെന്‍ ഫിലിപ്പ്സ് 103 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ടീമിനു തിരിച്ചടിയായി. റോസ് ടെയിലര്‍ 33 റണ്‍സ് നേടിപ്പോള്‍ ഡേവിഡ് മില്ലര്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. പാട്രിയറ്റ്സിനു വേണ്ടി ബെന്‍ കട്ടിംഗ് രണ്ടും ഫാബിയന്‍ അല്ലെന്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, തബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പാട്രിയറ്റ്സ് നിരയില്‍ ആരും തന്നെ കൂറ്റന്‍ സ്കോര്‍ നേടിയില്ലെങ്കിലും അര്‍ദ്ധ ശതകം നേടിയ ആന്റണ്‍ ഡെവ്സിച്ചിന്റെ ഇന്നിംഗ്സ് നിര്‍ണ്ണായകമായി. 23 പന്തില്‍ നിന്നാണ് താരം അടിച്ച് തകര്‍ത്തത്. കുറഞ്ഞ പന്തുകളില്‍ അതി വേഗ സ്കോറുകളുമായി ഫാബിയന്‍ അല്ലെന്‍(23), ബ്രണ്ടന്‍ കിംഗ്(21), ബെന്‍ കട്ടിംഗ്(17*) എന്നിവരും ഒപ്പം കൂടിയപ്പോള്‍ ലക്ഷ്യം കൈയ്യെത്തും ദൂരത്ത് തന്നെ നിര്‍ത്തുവാന്‍ പാട്രിയറ്റ്സിനു സാധിച്ചു.
അവസാന ഓവറില്‍ 15 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന പാട്രിയറ്റ്സ് റോവ്മന്‍ പവല്‍ എറിഞ്ഞ ഓവറില്‍ ഒരു പന്ത് ശേഷിക്കെ വിജയം നേടുകയായിരുന്നു. ആദ്യ പന്തില്‍ റണ്‍സ് നേടാനായില്ലെങ്കിലും അടുത്ത പന്ത് സിക്സര്‍ പായിച്ച ബ്രാത്‍വൈറ്റിനെ മൂന്നാം പന്തില്‍ പുറത്താക്കി റോവ്മന്‍ പവല്‍ തിരിച്ചടിക്കുകയായിരുന്നു.
മൂന്ന് പന്തില്‍ 9 റണ്‍സ് നേടേണ്ടിയിരുന്ന പാട്രിയറ്റ്സിനു സഹായകരമായി തുടരെ മൂന്ന് പന്തുകള്‍ വൈഡ് എറിഞ്ഞ് റോവ്മന്‍ ലക്ഷ്യം മൂന്ന് പന്തില്‍ നിന്ന് ആറാക്കി ചുരുക്കി. നാലാം അവസരത്തില്‍ ബെന്‍ കട്ടിംഗിനെ ബീറ്റ് ചെയ്തെങ്കില്‍ അഞ്ചാം പന്ത് വീണ്ടും വൈഡ് എറിഞ്ഞ് റോവ്മന്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. അടുത്ത പന്ത് സിക്സര്‍ പറത്തി ബെന്‍ കട്ടിംഗ് ജമൈക്കയുടെയും റോവ്മന്റെയും ദുരിതത്തിനു അറുതി വരുത്തി പാട്രിയറ്റ്സിനെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തിലെ അമ്പയറിംഗിനെതിരെ ജമൈക്ക നായകന്‍ ആന്‍ഡ്രേ റസ്സല്‍ പ്രതികരിക്കുകയും ചെയ്തു.
തല്ലാവാസിനു വേണ്ടി ഒഷെയ്ന്‍ തോമസ്, ഇഷ് സോധി എന്നിവര്‍ മൂന്നും സ്റ്റീവന്‍ ജോബ്സ് ഒരു വിക്കറ്റും നേടി.