ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 23 റൺസിന്റെ നാടകീയ തോൽവി ഏറ്റുവാങ്ങിയെങ്കിലും, ഇന്ത്യയുടെ പോരാട്ടവീര്യത്തിൽ, പ്രത്യേകിച്ചും ലോവർ ഓർഡറിന്റെ പ്രകടനത്തിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു. അവസാന ദിവസത്തെ ഉച്ചഭക്ഷണത്തിന് മുമ്പ് 82 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞെങ്കിലും, രവീന്ദ്ര ജഡേജയുടെ 61* റൺസും വാലറ്റക്കാരോടൊത്തുള്ള മികച്ച കൂട്ടുകെട്ടുകളും ഇന്ത്യയെ മത്സരം അവസാന സെഷൻ വരെ കൊണ്ടുപോയി.

“ഒരു ടെസ്റ്റ് മത്സരം ഇതിലും അടുത്ത് വരാൻ കഴിയില്ല,” മത്സരാനന്തര പ്രസന്റേഷനിൽ ചടങ്ങിൽ ഗിൽ പറഞ്ഞു. “അഞ്ച് ദിവസത്തെ കഠിനമായ പോരാട്ടം, അവസാന സെഷനിലേക്ക്, അവസാന വിക്കറ്റിലേക്ക് വരെ എത്തി… എനിക്ക് അതിയായ അഭിമാനമുണ്ട്.”
നാലാം ദിവസത്തിന്റെ അവസാനത്തിൽ ഇന്ത്യ 42 റൺസിന് 1 വിക്കറ്റ് എന്ന നിലയിൽ നിന്ന് 58 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നടിഞ്ഞതാണ് തിരിച്ചടിയായതെന്ന് ഗിൽ സമ്മതിച്ചു. “പ്രത്യേകിച്ച് നാലാം ദിവസത്തെ അവസാന രണ്ട് വിക്കറ്റുകളിൽ ഞങ്ങൾക്ക് കൂടുതൽ നന്നായി കളിക്കാമായിരുന്നു,” അദ്ദേഹം പറഞ്ഞു. “ഇന്ന് രാവിലെ പോലും, ടോപ് ഓർഡറിൽ നിന്ന് ഒരു 50 റൺസ് കൂട്ടുകെട്ടെങ്കിലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അത് കാര്യങ്ങൾ എളുപ്പമാക്കുമായിരുന്നു.”
ടോപ് ഓർഡറിന്റെ തകർച്ചയുണ്ടായിട്ടും ടീമിന് വിശ്വാസം നഷ്ടപ്പെട്ടില്ലെന്ന് ഗിൽ ഊന്നിപ്പറഞ്ഞു. “എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ലക്ഷ്യം വലുതായിരുന്നില്ല. ഒരു 50-60 റൺസ് കൂട്ടുകെട്ടുണ്ടായിരുന്നെങ്കിൽ ഞങ്ങൾ തിരിച്ചുവരുമായിരുന്നു.”