മദ്യപിച്ച് വാഹനമോടിച്ചതിന് ഇംഗ്ലണ്ട് കൗണ്ടി താരം അറസ്റ്റില്‍

Sports Correspondent

മദ്യപിച്ച് വാഹനമോടിച്ചതിന് ഗ്ലൗസ്റ്റര്‍ഷയര്‍ കൗണ്ടി താരം ജോര്‍ജ്ജ് ഹാന്‍കിന്‍സ് അറസ്റ്റില്‍. കൗണ്ടിയ്ക്ക് വേണ്ടി 28 ഫസ്റ്റ് ക്ലാസ്സ് മത്സരം കളിച്ചിട്ടുള്ള താരത്തിന്റെ വാഹനം സറേയില്‍ വെച്ച് ഇടിക്കുകയും അതിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്. താരം ജൂലൈയില്‍ കോടതിയില്‍ ഹാജരാകേണ്ടതുണ്ട്.

സറേ പോലീസ് വിഷയം കൗണ്ടിയെ അറിയിച്ചിട്ടുണ്ടെന്നും കൊറോണ ലോക്ക്ഡൗണ്‍ കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നതെന്നത് കൂടുതല്‍ സങ്കീര്‍ണ്ണത സൃഷ്ടിച്ചേക്കുമെന്നുമാണ് അറിയുന്നത്. കൗണ്ടി അന്വേഷണവുമായി പൂര്‍ണ്ണ രീതിയില്‍ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

2016ല്‍ ഡര്‍ഹത്തിനെതിരെ അരങ്ങേറ്റം നടത്തിയ താരം 961 ഫസ്റ്റ് ക്ലാസ്സ് റണ്‍സാണ് നേടിയിട്ടുള്ളത്. 15 ലിസ്റ്റ് എ മത്സരങ്ങളിലും 7 ടി20 മത്സരത്തില്‍ നിന്നായി യഥാക്രമം 535, 17 എന്നിങ്ങനെയാണ് താരം നേടിയ സ്കോര്‍. കഴിഞ്ഞ സീസണില്‍ മോശം ഫോം തുടര്‍ന്ന താരം 2016ല്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിന്റെ ഭാഗമാകുവാനും സാധിച്ചിരുന്നു.