കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഐസിസി ടൂർണമെന്റുകളിലോ ഏഷ്യൻ ടൂർണമെന്റുകളിലോ പോലും ഇന്ത്യ പാകിസ്ഥാനുമായി കളിക്കരുതെന്നും ഭീകരവാദത്തെ സഹിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ മണ്ണിൽ ആവർത്തിച്ചുണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ ഗാംഗുലി നിരാശ പ്രകടിപ്പിക്കുകയും കർശന നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “100 ശതമാനം, ഇന്ത്യ ഇത് ചെയ്യണം. കർശന നടപടി സ്വീകരിക്കണം. എല്ലാ വർഷവും ഇത്തരം കാര്യങ്ങൾ നടക്കുന്നത് ഒരു തമാശയായി മാറിയിരിക്കുന്നു. ഭീകരവാദത്തെ സഹിക്കാൻ കഴിയില്ല,” ഗാംഗുലി പറഞ്ഞു.
ഏറ്റവും ഒടുവിലത്തെ ആക്രമണത്തിൽ പഹൽഗാമിലെ ബൈസാരൻ പുൽമേടുകളിൽ ഭീകരർ വെടിവയ്പ് നടത്തുകയും 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പിന്തുണയുള്ള സംഘടനയായ ദി റെസിസ്റ്റൻസ് ഫോഴ്സ് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.