ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023-ന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് 2 റൺസിന്റെ പരാജയം. വേൾഡ് ജയന്റ്സ് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ മഹാരാജാസിന് നല്ല തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ഉത്തപ്പ 29 റൺസ് എടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ഗൗതം ഗംഭീർ മറുവശത്ത് പൊരുതി. ഇന്നലെ അർധ സെഞ്ച്വറി നേടിയ ഗംഭീർ ഇന്നും അർധ സെഞ്ച്വറി എടുത്തു. ഇന്ന് 42 പന്തിൽ നിന്ന് 68 റൺസ് എടുത്താണ് ഗംഭീർ കളം വിട്ടത്.
റെയ്നയും യൂസുഫ് പത്താനും നിരാശപ്പെടുത്തിയത് ഇന്ത്യയെ അവസാനം സമ്മർദ്ദത്തിൽ ആക്കി. പിന്നീട് കൈഫും ബിന്നിയും ചേർന്ന് അവസാന ഓവറി 8 റൺ വേണം എന്ന നിലയിൽ എത്തിച്ചു. ബ്രെറ്റ് ലീ ആയിരുന്നു വേൾഡ് ജയന്റ്സിനായി അവസാന ഓവർ എറിഞ്ഞത്. അദ്ദേഹം ബിന്നിയെ പുറത്താക്കുമ്പോൾ ഇന്ത്യ 3 പന്തിൽ ഏഴ് വേണം എന്ന നിലയിൽ ആയിരുന്നു. ബ്രെറ്റ് ലീ അവസാനം 2 റൺസിന്റെ വിജയം തന്റെ ടീമിന് നേടിക്കൊടുത്തു.
വേൾഡ് ജയന്റ്സ് ആരോൺ ഫിഞ്ചും ഷെയ്ൻ വാട്‌സണും നേടിയ അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ 20 ഓവറിൽ 166/8 എന്ന സ്കോറാണ് നേടിയത്.
വാട്സൺ 32 പന്തിൽ നിന്ന് 55 റൺസും, ഫിഞ്ച് 31 പന്തിൽ 53 റൺസും എടുത്തു.ഇന്ത്യ മഹാരാജാസിന്റെ ഹർഭജൻ സിംഗ് 2 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് ഗെയ്‌ൽ, റോസ് ടെയ്‌ലർ, കെവിൻ ഒ ബ്രയാൻ, മോൺ വാൻ വൈക്ക് എന്നിവരുടെ വിക്കറ്റുകൾ ആണ് ഹർഭജൻ വീഴ്ത്തിയത്.