വിജയങ്ങൾ ഉറപ്പാക്കാൻ ആയി ജസ്പ്രീത് ബുംറയെ എപ്പോഴും ആശ്രയിക്കാനാവില്ലെന്ന് ഗംഭീർ. ഇന്ത്യൻ ടീമിൽ സന്തുലിത വേണമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു. 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ആറ് വിക്കറ്റിന് തോറ്റതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
അഞ്ച് മത്സരങ്ങളിൽ നിന്ന് 13.06 ശരാശരിയിൽ 32 വിക്കറ്റ് വീഴ്ത്തി ബുമ്ര പ്ലയർ ഓഫ് ദി സീരീസ് ആയിരുന്നു. ബുംറയ്ക്ക് നടുവേദന കാരണം സിഡ്‌നി ടെസ്റ്റിൽ ഭൂരിഭാഗവും കളിക്കാൻ ആയില്ല എന്നത് ഇന്ത്യക്ക് തിരിച്ചടി ആയിരുന്നു.
ബുംറയുടെ അഭാവമാണ് തോൽവിക്ക് കാരണം എന്ന ധാരണ മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഗംഭീർ തള്ളിക്കളഞ്ഞു. “ഒന്നാമതായി, ഞാൻ അങ്ങനെ പറയാൻ ആഗ്രഹിക്കുന്നില്ല. ജസ്പ്രീത് ബുംറ ഇല്ലാതിരുന്നതിനാൽ, ഞങ്ങൾക്ക് ഫലം നേടാനായില്ല എന്ന് പറയാൻ ആകില്ലം ഞങ്ങൾക്ക് ഞങ്ങളുടെ നിമിഷങ്ങളുണ്ടായിരുന്നു, അവൻ അവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. അഞ്ച് ബൗളർമാർ ബുമ്രയെ കൂടാതെ ഉണ്ടായിരുന്നു. ഒരു വ്യക്തിയെ മാത്രം ഒരു നല്ല ടീമും ആശ്രയിക്കരുത്” ഗംഭീർ പറഞ്ഞു.