പാക്കിസ്ഥാനെതിരെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന പരമ്പരയ്ക്കിടെ ടീമിനെതിരെ ആക്രമണമുണ്ടാകുമെന്ന പുതിയ ഭീഷണി ലഭിച്ചതോടെ സുരക്ഷ പരിശോധന നടത്തുവാന്‍ സര്‍ക്കാരിന്റെ സഹായം തേടി ശ്രീലങ്കന്‍ ബോര്‍ഡ്. ഇന്ന് പരമ്പരയ്ക്കുള്ള ടീം ലങ്ക പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങള്‍ വിട്ട് നില്‍ക്കുന്ന പരമ്പര മുന്നോട്ട് പോകുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന ഭീഷണി വീണ്ടും എത്തിയടോെയാണ് ബോര്‍ഡ് സഹായം തേടിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്, അത് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ടീമിന്റെ സുരക്ഷയ്ക്ക് വലിയ പരിഗണന കൊടുക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിന് പുറപ്പെടുന്നതിന് മുമ്പ് വേണ്ടത്ര സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം. ഇതിനായി ബോര്‍ഡ് തിരിച്ച് സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ 27ന് ആരംഭിയ്ക്കുന്ന ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. കറാച്ചിയില്‍ ഏകദിന പരമ്പരയ്ക്ക് ശേഷം ലാഹോറിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 9 വരെ പരമ്പര നീണ്ട് നില്‍ക്കും.