103/5 എന്ന നിലയില്‍ നിന്ന് ഒന്നാം ദിവസം 321/8 എന്ന നിലയില്‍ അവസാനിപ്പിക്കുക വഴി ഇംഗ്ലണ്ട് ഗോള്‍ ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍. ബെന്‍ ഫോക്സിന്റെ അരങ്ങേറ്റ അര്‍ദ്ധ ശതകവും സാം കുറന്റെ പോരാട്ട് വീര്യവുമാണ് ഇംഗ്ലണ്ടിനു അനുകൂലമായി മത്സരത്തെ മാറ്റിയത്. ഒരു ഘട്ടത്തില്‍ 200നുള്ളില്‍ ഓള്‍ഔട്ട് ആകുമെന്ന് പ്രതീക്ഷിച്ച ടീമാണ് ഇപ്പോള്‍ 321 എന്ന ആദ്യ ദിവസത്തെ സ്കോറിലേക്ക് നീങ്ങിയത്. അവസാന പത്തോവറില്‍ വിക്കറ്റുകള്‍ നഷ്ടമായതൊഴിച്ചാല്‍ മികച്ച തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. 87 റണ്‍സ് നേടി നില്‍ക്കുന്ന ബെന്‍ ഫോക്സ് തന്റെ അരങ്ങേറ്റ ശതകം നേടുമോയെന്നതാണ് ക്രിക്കറ്റ് ആരാധകര്‍ രണ്ടാം ദിവസം ഉറ്റുനോക്കുന്നത്. 14 റണ്‍സുമായി ജാക്ക് ലീഷാണ് ക്രീസില്‍ ഫോക്സിനു കൂട്ടായിയുള്ളത്.
10/2 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ കീറ്റണ്‍ ജെന്നിംഗ്സ്(46)-ജോ റൂട്ട്(35) കൂട്ടുകെട്ടാണ് വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ജോ റൂട്ടിനെ പുറത്താക്കി രംഗന ഹെരാത്ത് ഗോളില്‍ തന്റെ നൂറാം വിക്കറ്റ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 72/3 എന്ന നിലയിലായിരുന്നു. ഏറെ വൈകാതെ ജെന്നിംഗ്സും ബെന്‍ സ്റ്റോക്സും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി.
ആറാം വിക്കറ്റില്‍ 61 റണ്‍സ് നേടി ജോസ് ബട്‍ലര്‍(38)-ബെന്‍ ഫോക്സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിനു അടിത്തറ പാകിയത്. 38 റണ്‍സ് നേടി ജോസ് ബട്‍ലറെ പുറത്താക്കി ദില്‍രുവന്‍ പെരേര മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. ഏഴാം വിക്കറ്റില്‍ 88 റണ്‍സ് നേടിയ ഫോക്സ-കറന്‍ കൂട്ടുകെട്ടിനെ തകര്‍ത്തത് അകില ധനന്‍ജയയായിരുന്നു. തന്റെ അര്‍ഹമായ അര്‍ദ്ധ ശതകത്തിനു രണ്ട് റണ്‍സ് അകലെ സാം കറന്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 252 റണ്‍സായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കുമ്പോളാണ് ഇംഗ്ലണ്ടിനു ഈ പ്രഹരം ലഭിയ്ക്കുന്നത്.
എട്ടാം വിക്കറ്റില്‍ ഫോക്സും-ആദില്‍ റഷീദും ഒത്തുചേര്‍ന്നതോടെ ടീം മുന്നുറും കടന്ന് മുന്നോട്ട് നീങ്ങി. ഇരുവരും ചേര്‍ന്ന് 54 റണ്‍സ് കൂട്ടുകെട്ടാണ് ഇതുവരെ നേടിയിട്ടുള്ളത്. ആദ്യ ദിവസത്തെ കളി അവസാനിക്കുവാന്‍ 14 പന്തുകള്‍ മാത്രം അവശേഷിക്കെ ആദില്‍ റഷീദിനെയും ഇംഗ്ലണ്ടിനു നഷ്ടമായി. 35 റണ്‍സ് നേടിയ താരത്തെയും ദില്‍രുവന്‍ പെരേരയാണ് പുറത്താക്കിയത്.
ദില്‍രുവന്‍ പെരേരയുടെ നാല് വിക്കറ്റിനു പുറമേ സുരംഗ ലക്മല്‍ രണ്ടും രംഗന ഹെരാത്ത്, അകില ധനന്‍ജയ എന്നിവര്‍ ഓരോ വിക്കറ്റും ശ്രീലങ്കയ്ക്കായി നേടി.