ദേശീയ താരങ്ങള്‍ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അണിയറയില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരം. ടെസ്റ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇതൊരു മാനദണ്ഡമാക്കി മാറ്റുവാനുള്ള ശ്രമമാണ് ബോര്‍ഡിന്റേതെന്നാണ് മനസ്സിലാക്കുന്നത്. ദുരന്തമായി അവസാനിച്ച ബംഗ്ലാദേശിന്റെ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയാണ് ഈ ചിന്ത കൊണ്ടുവരുവാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
ടെസ്റ്റില്‍ തോല്ക്കുകയെന്നതിനെക്കാള് ടീം തോറ്റ രീതിയാണ് ബോര്‍ഡിനെ അലട്ടുന്നത്. വിന്‍ഡീസ് പേസ് നിരയ്ക്കെതിരെ നിലയുറപ്പിക്കുവാന്‍ പാട്പെടുന്ന ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ദയനീയമായ തോല്‍വിയാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. പരമ്പരയ്ക്ക് ശേഷം പല സീനിയര്‍ താരങ്ങള്‍ക്കും ടെസ്റ്റ് കളിക്കുവാന്‍ താല്പര്യമില്ലെന്നും ബോര്‍ഡ് തലവന്‍ നസ്മുള്‍ ഹസന് പറഞ്ഞു.
രണ്ട് ആഭ്യന്തര ഫസ്റ്റ് ക്ലാസ് ടൂര്ണ്ണമെന്റുകളെങ്കിലും പങ്കെടുത്താല്‍ മാത്രമേ ദേശീയ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടതുള്ളുവെന്നാണ് നിലവിലെ തീരുമാനം. നാഷണല്‍ ക്രിക്കറ്റ് ലീഗും ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗുമാവും ഇത്. മുമ്പ് ദേശീയ താരങ്ങള്‍ക്ക് ഇതില്‍ കളിക്കുക നിര്‍ബന്ധമല്ലായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial