മാര്‍ഷും ഫിഞ്ചും കസറി, മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ

Sports Correspondent

പരമ്പര കൈവിട്ടുവെങ്കിലും നാലാം ടി20യിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. വൺ ഡൗണായി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച മിച്ചൽ മാര്‍ഷ് തന്റെ ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ 44 പന്തിൽ 75 റൺസ് നേടിയ താരവും 37 പന്തിൽ 53 റൺസ് നേടിയ ആരോൺ ഫിഞ്ചും ചേര്‍ന്നാണ് ഓസ്ട്രേലിയയെ 189/6 എന്ന സ്കോറിലേക്ക് നയിച്ചത്.

14 പന്തിൽ 22 റൺസ് നേടിയ ഡാനിയേൽ ക്രിസ്റ്റ്യനും അവസാന ഓവറുകളിൽ മികവ് പുലര്‍ത്തി. 114 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി രണ്ടാം വിക്കറ്റിൽ മാര്‍ഷും ഫിഞ്ചും ചേര്‍ന്ന് നേടിയത്. വെസ്റ്റിന്‍ഡീസിന് വേണ്ടി ഹെയ്‍ഡന്‍ വാൽഷ് ഫിഞ്ചിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് നേടിയത്.