ത്രിരാഷ്ട്ര പരമ്പര, ആദ്യ മത്സരത്തില്‍ ഫിഞ്ച് ഇല്ല, ഷോര്‍ട്ടിന്റെ അരങ്ങേറ്റത്തിനു സാധ്യത

Sports Correspondent

ഇംഗ്ലണ്ടിനെതിരുള്ള ഏകദിന പരമ്പര നഷ്ടമായ ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി ആരോണ്‍ ഫിഞ്ചിന്റെ പരിക്ക്. പരിക്കേറ്റ താരം ന്യൂസിലാണ്ട്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം കളിക്കുകയില്ല എന്ന് നായകന്‍ ഡേവിഡ് വാര്‍ണര്‍ അറിയിച്ചു. ഏകദിന പരമ്പരയില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ച ഓസ്ട്രേലിയന്‍ താരമായിരുന്നു ഫിഞ്ച്. അവസാന രണ്ട് മത്സരങ്ങള്‍ കളിച്ചില്ലെങ്കിലും പരമ്പരയില്‍ രണ്ട് ശതകങ്ങളാണ് ഫിഞ്ച് നേടിയത്.

പേശി വലിവ് കാരണം അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന് ഫിഞ്ച് ഇപ്പോളും പൂര്‍ണ്ണാരോഗ്യവാനല്ല എന്നാണ് മെഡിക്കല്‍ ടീമിന്റെ വിലയിരുത്തല്‍. ഫിഞ്ച് ഇല്ലാത്തപക്ഷം ഓസ്ട്രേലിയ തങ്ങളുടെ ബിഗ് ബാഷിലെ താരം ഡിആര്‍ക്കി ഷോര്‍ട്ടിനു അരങ്ങേറ്റത്തിനു അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ണറിനൊപ്പം ഷോര്‍ട്ടോ ക്രിസ് ലിന്നോ ആവും ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യുക എന്നത് ഏറെക്കുറെ ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial