ഫര്‍ഹാന് അര്‍ദ്ധ ശതകം, പാക്കിസ്ഥാന് 164 റൺസ്

ഇംഗ്ലണ്ടിനെതിരെയുള്ള ഐസിസി ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തിൽ പാക്കിസ്ഥാന് 164 റൺസ്. സാഹിബ്സാദ ഫര്‍ഹാന്‍ നേടിയ അര്‍ദ്ധ ശതകം മാത്രമാണ് പാക്കിസ്ഥാന്‍ നിരയിൽ തിളങ്ങിയത്. കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിക്കറ്റുകളുമായി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പാക്കിസ്ഥാന് 9 വിക്കറ്റാണ് നഷ്ടമായത്.
മൂന്നാം ഓവറിൽ സൈയിം അയൂബിനെയും നാലാം ഓവറിൽ സൽമാന്‍ അഗയെയും നഷ്ടമായ പാക്കിസ്ഥാന്‍ 27/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 6 ഓവര്‍ പിന്നിടുമ്പോള്‍ 46 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാന്‍ നേടിയത്.

ബാബര്‍ അസം – സാഹിബ്സാദ ഫര്‍ഹാന്‍ കൂട്ടുകെട്ട് 46 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും 24 പന്തിൽ 25 റൺസ് നേടിയ ബാബര്‍ അസമിനെ പുറത്താക്കി ജാമി ഓവര്‍ട്ടൺ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 45 പന്തിൽ 63 റൺസ് നേടിയ സാഹിബ്സാദ ഫര്‍ഹാനെ ജാമി ഓവര്‍ട്ടൺ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ 122/4 എന്ന നിലയിലായിരുന്നു. ഫകര്‍ സമന്‍ 16 പന്തിൽ 25 റൺസ് നേടി പാക്കിസ്ഥാന്‍ റൺ റേറ്റ് ഉയര്‍ത്തി.
18ാം ഓവറിൽ ഇരട്ട വിക്കറ്റുമായി ലിയാം ഡോസൺ ആഞ്ഞടിച്ചപ്പോള്‍ പാക്കിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടമായി. 11 പന്തിൽ 23 റൺസ് നേടിയ ഷദബ് ഖാന്‍ ആണ് പാക്കിസ്ഥാന് അവസാന ഓവറുകളിൽ ആശ്വാസമായത്. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ഡോസൺ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും ജാമി ഓവര്‍ട്ടണും 2 വീതം വിക്കറ്റ് നേടി.