CricketFeaturedT20 World Cup

ഹാരി “ബ്രൂട്ടൽ” ബ്രൂക്ക്, ഒടുവിൽ ത്രില്ലറിൽ ഇംഗ്ലണ്ട് വിജയം

Harrybrook

ട്വിസ്റ്റുകള്‍ നിറഞ്ഞ സൂപ്പര്‍ 8 മത്സരത്തിൽ പാക്കിസ്ഥാനെതിരെ 2 വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്. ഷഹീന്‍ അഫ്രീദി നൽകിയ മേൽക്കൈയെ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇംഗ്ലണ്ട് മറികടന്ന് വിജയത്തിലേക്ക് എത്തുമെന്ന നിമിഷത്തിൽ ബ്രൂക്ക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനെ തുടരെ നഷ്ടമായപ്പോള്‍ വീണ്ടുമൊരു ട്വിസ്റ്റിലേക്ക് മത്സരം നീങ്ങുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് സെമി ഫൈനലിലേക്കും എത്തിയ്ക്കുകയായിരുന്നു. 5 പന്ത് അവശേഷിക്കെ 8 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ നേടിയ 164/9 എന്ന സ്കോര്‍ ഇംഗ്ലണ്ട് 166 റൺസ് നേടി മറികടന്നത്.

ആദ്യ പന്തിൽ ഫിൽ സാള്‍ട്ടിനെയും മൂന്നാം ഓവറിൽ ജോസ് ബട്‍ലറെയും പുറത്താക്കി ഷഹീന്‍ അഫ്രീദി ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് നൽകിയത്. ജേക്കബ് ബെത്തലിനെയും ഷഹീന്‍ അഫ്രീദി മടക്കിയയച്ചപ്പോള്‍ ഇംഗ്ലണ്ട് 35/3 എന്ന നിലയിലായിരുന്നു. എന്നാൽ ഹാരി ബ്രൂക്ക് മറുവശത്ത് സ്കോര്‍ ചെയ്തപ്പോള്‍ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 53 റൺസ് നേടിയിരുന്നു.

Shaheenafridi

58/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റിൽ സാം കറനെ കൂട്ടുപിടിച്ച് 45 റൺസ് കൂട്ടുകെട്ടുമായി ഹാരി ബ്രൂക്ക് 103 റൺസിലേക്ക് എത്തിച്ചപ്പോള്‍ ഇതിൽ 16 റൺസ് മാത്രമായിരുന്നു കറന്റെ സംഭാവന.

50 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ബ്രൂക്ക് തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും മൂന്നോവറിൽ വെറും 10 റൺസായിരുന്നു ഇംഗ്ലണ്ട് നേടേണ്ടിയിരുന്നത്. 52 റൺസാണ് ബ്രൂക്ക് ആറാം വിക്കറ്റിൽ വിൽ ജാക്സുമായി നേടിയത്.

28 റൺസ് നേടിയ വിൽ ജാക്സിനെ ഇംഗ്ലണ്ടിന് നഷ്ടമാകുമ്പോള്‍ വിജയം നാല് റൺസ് അകലെയായിരുന്നു. ടീമിന്റെ കൈവശം മൂന്ന് വിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. അതേ ഓവറിൽ തന്നെ ജാമി ഓവര്‍ട്ടണിനെ മൊഹമ്മദ് നവാസ് പുറത്താക്കിയപ്പോള്‍ മത്സരം ആവേശകരമായി മാറി. ഓവറിലെ അവസാന പന്തിൽ ജോഫ്ര അര്‍ച്ചര്‍ സിംഗിളെടുത്തപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 3 റൺസായി മാറി.

അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി ജോഫ്ര ആര്‍ച്ചര്‍ സസ്പെന്‍സിന് വിട നൽകി ഇംഗ്ലണ്ടിന്റെ 2 വിക്കറ്റ് ജയം സാധ്യമാക്കി. വിജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചു.