ഇംഗ്ലണ്ട് സ്ക്വാഡില്‍ ഇടം പിടിക്കുക എന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. കായിക ലോകത്ത് തന്നെ ഏറ്റവും പ്രയാസമേറിയ കാര്യമാണ് ഇംഗ്ലണ്ട് സംഘത്തില്‍ ഭാഗമാകുകയെന്നാണ് താരം വ്യക്തമാക്കിയത്. അയര്‍ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ മികച്ച ശതകം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.
ഇംഗ്ലണ്ടിന്റെ മധ്യനിരയാണ് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് എന്ന് അടുത്തിടെ നായകന്‍ ഓയിന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ തന്നെ സാം ബില്ലിംഗ്സ്, ജോ ഡെന്‍ലി, ടോം ബാന്റണ്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തി ഇപ്പോളുള്ളവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടതുണ്ടെന്ന് അന്ന് മോര്‍ഗന്‍ പറഞ്ഞിരുന്നു.
ജോ ഡെന്‍ലിയുടെയും ടോം ബാന്റണിന്റെയും പരിക്കാണ് സാം ബില്ലിംഗ്സിന് ആദ്യ മത്സരത്തില്‍ അവസരം നല്‍കിയത്. അത് ഉപയോഗപ്പെടുത്തി താരം അര്‍ദ്ധ ശതകം നേടുകയും ചെയ്തു. 54 പന്തില്‍ നിന്ന് 67 റണ്‍സ് നേടി താരം പുറത്താകാതെ നില്‍ക്കുകയായിരുന്നു. ആദ്യ പത്തോവറില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടമായി നില്‍ക്കുമ്പോളാണ് താരം ക്രീസിലെത്തുന്നത്. അതിനാല്‍ തന്നെ ഏറെ നിര്‍ണ്ണായകമായ ഒരു ഇന്നിംഗ്സ് ആയിരുന്നു ബില്ലിംഗ്സിന്റേത്.
തനിക്ക് ലഭിയ്ക്കുന്ന അവസരം ഉപയോഗിക്കുക എന്നത് മാത്രമാണ് തനിക്ക് ഇപ്പോള്‍ ചെയ്യാനാകുന്നതെന്ന് ബില്ലിംഗ്സ് പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ ഇന്ന് ലോകത്തുള്ള ഏത് സ്പോര്‍ട്സിനെ പരിഗണിച്ചാലും ഒരു താരത്തിന് ടീമിലിടം പിടിക്കുവാന്‍ ഏറ്റവും പ്രയാസം ഇംഗ്ലണ്ടിന്റെ ഏകദിന ടീമാണെന്നും ബില്ലിംഗ്സ് വ്യക്തമാക്കി.