മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോഡിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് 304 റൺസ് നേടി റെക്കോർഡ്. തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. 60 പന്തിൽ നിന്ന് 15 ഫോറുകളും 8 സിക്സറുകളും സഹിതം 141 റൺസ് നേടിയ ഫിലിപ് സാൾട്ടാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന് കരുത്തുപകർന്നത്. വെറും 30 പന്തിൽ 83 റൺസ് നേടിയ ജോസ് ബട്ട്ലർ മികച്ച പിന്തുണ നൽകി.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിന്റെ ബാറ്റിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ടി20 ഫോർമാറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നാണ് ഇംഗ്ലണ്ടിന്റെ ഈ പ്രകടനം. നിലവിൽ സിംബാബ്വെ 344 റൺസുമായി ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും, ടെസ്റ്റ് കളിക്കുന്ന ഫുൾ മെമ്പർ ടീമുകൾക്ക് ഇടയിൽ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഏറ്റവും ഉയർന്ന സ്കോറാണ് ഇംഗ്ലണ്ട് നേടിയ 304 റൺസ്.
21 പന്തിൽ നിന്ന് 41 റൺസ് എടുത്ത ബ്രൂക് 26 റൺസ് എടുത്ത ബെതൽ എന്നിവരും ഇംഗ്ലണ്ട് ടോട്ടലിൽ പ്രധാന പങ്കുവഹിച്ചു.