ഓവൽ: ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ രണ്ടാം ദിവസത്തെ ആദ്യ 34 പന്തുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. 224 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകൾ അതിവേഗം വീണു.

ഒന്നാം ദിവസം 6 വിക്കറ്റിന് 204 റൺസ് എന്ന നിലയിൽ നിന്ന് കളി പുനരാരംഭിച്ച ഇന്ത്യ, സ്കോർ ഉയർത്താൻ കരുൺ നായരിലും വാഷിംഗ്ടൺ സുന്ദറിലുമായിരുന്നു പ്രതീക്ഷയർപ്പിച്ചത്. എന്നാൽ പ്രതിരോധം അധികം നീണ്ടുനിന്നില്ല. ഒന്നാം ദിവസം അർദ്ധസെഞ്ചുറി നേടിയ കരുൺ നായരെ (57) ജോഷ് ടോംഗ് എൽബിഡബ്ല്യുവിൽ കുടുക്കി. തൊട്ടുപിന്നാലെ, വാഷിംഗ്ടൺ സുന്ദർ (26) ഗുസ് അറ്റ്കിൻസന്റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായി.
പിന്നീട് വന്നവരിൽ നിന്ന് കാര്യമായ ചെറുത്തുനിൽപ്പുണ്ടായില്ല. മുഹമ്മദ് സിറാജിനെ (0) അറ്റ്കിൻസൺ ബൗൾ ചെയ്തു, അതേസമയം പ്രസിദ്ധ് കൃഷ്ണ (0) രണ്ട് പന്തുകൾ മാത്രമാണ് ക്രീസിൽ നിന്നത്. ജാമി സ്മിത്തിന് ക്യാച്ച് നൽകി പ്രസിദ്ധ് പുറത്തായി.
അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഗുസ് അറ്റ്കിൻസണാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. 21.4 ഓവറിൽ 33 റൺസ് മാത്രം വഴങ്ങിയാണ് അറ്റ്കിൻസൺ 5 വിക്കറ്റ് നേടിയത്. ജോഷ് ടോംഗ് 57 റൺസിന് 3 വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി. ക്രിസ് വോക്സ് ഒരു വിക്കറ്റ് നേടി.