ജോസ് ബട്‍ലറുടെ ശതകത്തിന്റെ മികവില്‍ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ആദ്യ രണ്ട് ഏകദിനങ്ങള്‍ ജയിച്ച ഇംഗ്ലണ്ടിനു തുടക്കത്തില്‍ വിക്കറ്റുകള്‍ അടിക്കടി നഷ്ടമായപ്പോള്‍ മികച്ച സ്കോറിലേക്ക് നീങ്ങുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 107/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഓയിന്‍ മോര്‍ഗന്‍(41)-ജോസ് ബട്‍ലര്‍ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 65 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ നേടിയത്. പിന്നീട് ഏഴാം വിക്കറ്റില്‍ ബട്‍ലറിനു കൂട്ടായി എത്തിയ ക്രിസ് വോക്സും മികവോടെ ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 300 കടന്നു.
72 പന്തില്‍ 113 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും നേടിയത്. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടിയ ഇംഗ്ലണ്ടിനു വേണ്ടി ജോസ് ബട്‍ലര്‍ 100 റണ്‍സും ക്രിസ് വോക്സ് 53 റണ്‍സും നേടി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസല്‍വുഡ് 2 വിക്കറ്റ് നേടി.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോസ് ബട്‍ലര്‍ മത്സരത്തില്‍ ആദ്യ ഓവറുകളില്‍ ഓസ്ട്രേലിയ നേടിയ ആധിപത്യത്തെ ഇലാതാക്കുകയായിരുന്നു. അര്‍ദ്ധ ശതകം തികച്ച ശേഷമാണ് കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ ബട്‍ലര്‍ക്ക് ആയത്.
ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ജോസ് ബട്‍ലര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്. 83 പന്തില്‍ നിന്ന് 4 സിക്സും 6 ബൗണ്ടറിയും സഹിതമാണ് ജോസ് തന്റെ 100 റണ്‍സ് തികച്ചത്. 36 പന്തില്‍ നിന്ന് 53 നേടി ക്രിസ് വോക്സും മികച്ച ഫോമില്‍ ബാറ്റിംഗ് തുടര്‍ന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial