ഇംഗ്ലണ്ട് പുരുഷ താരങ്ങള്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പരിശീലനം ആരംഭിക്കുമെന്ന് സൂചന

Sports Correspondent

അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിക്കുന്നതിന് മുമ്പ് 30 പേര്‍ വരുന്ന ഇംഗ്ലണ്ടിന്റെ പുരുഷ ടീമിനോട് പരിശീലനത്തിനായി മടങ്ങിയെത്തുവാന്‍ ബോര്‍ഡ് ആവശ്യപ്പെടുമെന്ന് സൂചന. കേന്ദ്ര കരാറുള്ള താരങ്ങളും മറ്റു കൗണ്ടികളില്‍ നിന്നുള്ളവരും അടക്കം 30 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

ഇവര്‍ ഇംഗ്ലണ്ടിന്റെ ഔദ്യോഗിക സ്ക്വാഡ് അല്ലെന്ന് പുരുഷ ക്രിക്കറ്റ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ് വ്യക്തമാക്കി. മുഖ്യ കോച്ച് ക്രിസ് സില്‍വര്‍ വുഡ്, ജൈല്‍സ്, ഇസിബിയുടെ ഫെര്‍ഫോമന്‍സ് ഡയറക്ടര്‍ മോ ബോബാട് എന്നിവരാണ് ഈ 30 പേരെ തിരഞ്ഞെടുത്തത്.

ലിസ്റ്റ് ഇവര്‍ എല്ലാവരുമായി ബന്ധപ്പെട്ട ശേഷം മാത്രമേ ബോര്‍ഡ് പുറത്ത് വിടുകയുള്ളുവെന്നാണ് അറിയുന്നത്. ഇതിപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റിനുള്ള താരങ്ങളുടെ പട്ടികയാണെന്നും വൈറ്റ് ബോളിനും ഇതു പോലെ തന്നെ പട്ടിക തയ്യാറാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

ആദ്യം പരിശീലനത്തിന് എത്തുക ബൗളര്‍മാരാണെന്നും പിന്നീട് ബാറ്റ്സ്മാന്മാരും വിക്കറ്റ് കീപ്പര്‍മാരും പരിശീലനം നടത്തുമെന്നും ഇസിബി അറിയിച്ചു.