ഓവലിൽ നടക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം, സാധാരണയായി ശാന്തനായ ജോ റൂട്ട് ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണയുടെ വാക്കുകളോട് ചൂടായി പ്രതികരിക്കുന്നത് കാണാനായിരുന്നു. എന്നാൽ, ഇത് ഗൗരവമുള്ള ഒന്നായി കാണേണ്ടതില്ലെന്ന് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്ക് വ്യക്തമാക്കി.

“മത്സരാധിഷ്ഠിതമായ ഒരു കളിയിൽ സാധാരണ കേൾക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് അവിടെ സംഭവിച്ചത്,” അദ്ദേഹം പറഞ്ഞു. ഇത്തരം വാക്കുതർക്കങ്ങളെ റൂട്ട് സാധാരണയായി അവഗണിക്കുകയാണ് പതിവെങ്കിലും ഇത്തവണ താരം രൂക്ഷമായി പ്രതികരിച്ചെന്നും, അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും ട്രെസ്കോത്തിക്ക് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ 24-ാം ഓവറിലാണ് സംഭവം. റൂട്ടിന്റെ ശ്രദ്ധ തെറ്റിക്കാനുള്ള തന്ത്രം മനഃപൂർവമായിരുന്നുവെന്ന് പ്രസിദ്ധ് കൃഷ്ണ പിന്നീട് സമ്മതിച്ചു. റൂട്ടിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും “ഇതൊരു സ്വഭാവിക കാര്യം മാത്രം” ആയിരുന്നു എന്നും കൃഷ്ണ പറഞ്ഞു. താങ്കൾ നല്ല ഷേപ്പിൽ ആണല്ലോ എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. പ്രസീദ് പറഞ്ഞു. അതിന് അദ്ദേഹം അസഭ്യം പറഞ്ഞു. ഇന്ത്യൻ ബൗളർ കൂട്ടിച്ചേർത്തു.
“റൂട്ടിനെ എനിക്കിഷ്ടമാണ്, അദ്ദേഹം ഒരു ഇതിഹാസമാണ്,” എന്ന് പറഞ്ഞ കൃഷ്ണ, ഇരുവർക്കുമിടയിൽ കായികപരമായ ഒരു തർക്കം മാത്രമാണ് നടന്നതെന്നും ഊന്നിപ്പറഞ്ഞു.