കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ക്രിക്കറ്റ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. നിലവിൽ ശ്രീലങ്കൻ പര്യടനം നടത്തുന്ന ഇംഗ്ലണ്ടാണ് എതിരാളികൾ.
4 ടെസ്റ്റും 3 ഏകദിനവും 5 ട്വന്റി ട്വന്റിയും അടങ്ങുന്നതാണ് ഈ പരമ്പര. ചെന്നൈയിലേ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന ആദ്യ രണ്ട് ടെസ്റ്റിലെ ആദ്യ മത്സരം ഫെബ്രുവരി 5നും രണ്ടാം മത്സരം ഫെബ്രുവരി 13നുമാണ് നിശ്ചയിച്ചിട്ടുള്ളത്.
50% കാണികൾക്ക് പ്രവേശനാനുമതി ഗവണ്മെന്റ് നൽകിയിട്ടുണ്ടെങ്കിലും, അടച്ചിട്ട സ്റ്റേഡിയത്തിലാവും ആദ്യ രണ്ട് മത്സരങ്ങളും.
അവസാന രണ്ട് ടെസ്റ്റുകൾക്ക് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം വേദിയാകും. പിങ്ക് ബോളിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24നും നാലാം ടെസ്റ്റ് മാർച്ച് എട്ടിനുമാണ് തുടങ്ങുക. ഇതേ സ്റ്റേഡിയത്തിൽ തന്നെ അഞ്ച് ട്വന്റി ട്വന്റി മത്സരങ്ങളും അരങ്ങേറും. മാർച്ച് 12, 14, 16, 18, 20 തീയ്യതികളിൽ വൈകീട്ട് ഏഴിനാവും മത്സരങ്ങൾ.
ഡേ-നൈറ്റ് മത്സരങ്ങളായി ക്രമീകച്ചിരിക്കുന്ന 3 ഏകദിനങ്ങൾക്ക് പൂനെയാണ് വേദി. ആദ്യ ഏകദിനം മാർച്ച് 23നും ബാക്കി മത്സരങ്ങൾ 26, 28 തീയ്യതികളിലും നടക്കും.
ട്വന്റി ട്വന്റി, ഏകദിന മത്സരങ്ങൾക്ക് പകുതി സീറ്റുകളിലേക്ക് കാണികൾക്ക് പ്രവേശനം അനുവദിക്കാൻ ബിസിസിഐക്ക് താല്പര്യമുണ്ടെങ്കിലും അവസാന തീരുമാനം ഗവണ്മെന്റുമായുള്ള കൂടിയാലോചനക്ക് ശേഷം മാത്രമാകും.