ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡും മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിച്ചതായി വിവരം. അഹമ്മദാബാദ് ടെസ്റ്റിലെ മൂന്നാം അമ്പയറുടെ പിഴവുകളെ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നാണ് ലഭിയ്ക്കുന്ന വിവരം.
ഇന്നലെ ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ട് തീരുമാനങ്ങളില്‍ രണ്ട് തവണ തേര്‍ഡ് അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ ഇംഗ്ലണ്ടിന് എതിരായി മാറിയിരുന്നു. ഈ രണ്ട് തീരുമാനവും അല്പം വിവാദം സൃഷ്ടിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ തീരുമാനങ്ങള്‍ തങ്ങള്‍ക്ക് എതിരായത് അല്ല ആ തീരുമാനങ്ങള്‍ തീര്‍പ്പാക്കുവാന്‍ അമ്പയര്‍മാര്‍ തിരഞ്ഞെടുത്ത വേഗതയാണ് ഇംഗ്ലണ്ട് നായകനെയും കോച്ചിനെയും മാച്ച് റഫറിയെ കാണുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
സംശകരമായ തീരുമാനത്തില്‍ കൂടുതല്‍ ക്യാമറ ആംഗിളുകള്‍ പരിശോധിക്കാതെയാണ് അമ്പയര്‍ ഷംസുദ്ദീന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതാണ് സന്ദര്‍ശകരെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോള്‍ ഇതേ മൂന്നാം അമ്പയര്‍ നിരവധി ആംഗിളുള്‍ പരിശോധിച്ച ശേഷമാണ് ജാക്ക് ലീഷ് പുറത്തായതായി വിധിച്ചത്.
ഇരു ടീമുകള്‍ക്കും ഒരു പോലെയുള്ള സമീപനമാണ് അമ്പയറിംഗില്‍ വേണ്ടതെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റനും കോച്ചും മാച്ച് റഫറിയെ അറിയിച്ചത്. ഇവര്‍ മാച്ച് റഫറിയെ സമീപിച്ചുവെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വക്താവാണ് അറിയിച്ചത്.