ബെന്‍ ഡക്കറ്റിന് ശതകം, പിന്നെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച, സാജിദ് ഖാന് 4 വിക്കറ്റ്

Sports Correspondent

ഇംഗ്ലണ്ടിനെതിരെ മുൽത്താനിലെ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് മേൽക്കൈ. മത്സരത്തിന്റെ രണ്ടാം ദിവസം പാക്കിസ്ഥാന്‍ 366 റൺസിന് ഓള്‍ഔട്ട് ആയ ശേഷം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 239/6 എന്ന നിലയിലാണ്. പാക്കിസ്ഥാന്റെ സ്കോറിന് 127 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

സാജിദ് ഖാന്‍ 4 വിക്കറ്റുമായി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ടോപ് ഓര്‍ഡറിൽ ബെന്‍ ഡക്കറ്റിന്റെ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ ഇംഗ്ലണ്ട് കരുത്താര്‍ന്ന സ്കോറിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും 211/2 എന്ന നിലയിൽ നിന്ന് ജോ റൂട്ടിനെയും ബെന്‍ ഡക്കറ്റിനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി സാജിദ് ഖാന്‍ ആണ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

Sajidkhan

അതേ ഓവറിൽ ഹാരി ബ്രൂക്കിനെയും സാജിദ് പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് 225/5 എന്ന നിലയിലായി. രണ്ട് പന്തുകള്‍ക്കപ്പുറം ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. 225 എന്ന സ്കോറിൽ തന്നെയാണ് ആറാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായത്. ‍‍ഡക്കറ്റ് 114 റൺസ് നേടി പുറത്താകുകയായിരുന്നു. നോമന്‍ അലി രണ്ട് വിക്കറ്റ് നേടി.

നേരത്തെ പാക്കിസ്ഥാന്‍ ബാറ്റിംഗും 243/4 എന്ന നിലയിൽ നിന്ന് 366 റൺസിലേക്ക് വീഴുകയായിരുന്നു. 118 റൺസ് നേടിയ കമ്രാന്‍ ഗുലാമും 77 റൺസ് നേടിയ സൈയിം അയൂബും ആണ് പാക് ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയത്.

മൊഹമ്മദ് റിസ്വാന്‍ (41), അഗ സൽമാന്‍ (31), അമീര്‍ ജമാൽ (37), നോമന്‍ അലി (32) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് നാലും ബ്രൈഡൺ കാര്‍സ് മൂന്ന് വിക്കറ്റും നേടിയപ്പോള്‍ മാത്യു പോട്സ് 2 വിക്കറ്റ് വീഴ്ത്തി.