എലീസ് പെറി ഉണ്ടാകില്ല; WPL-ന് മുന്നോടിയായി ആർസിബിക്ക് കനത്ത തിരിച്ചടി

Newsroom

Resizedimage 2025 12 30 23 40 13 1


വനിതാ പ്രീമിയർ ലീഗ് (WPL 2026) ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വലിയ ആഘാതം. വ്യക്തിപരമായ കാരണങ്ങളാൽ ഓസ്‌ട്രേലിയൻ ഇതിഹാസ താരം എലീസ് പെറി ടൂർണമെന്റിൽ നിന്ന് പിന്മാറി. 2024-ൽ ആർസിബിയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച പെറിയുടെ അഭാവം ടീമിന് നികത്താനാവാത്ത നഷ്ടമാണ്.

പെറിക്ക് പകരക്കാരിയായി ഇന്ത്യൻ താരം സയാലി സത്ഗാരെയെ 30 ലക്ഷം രൂപയ്ക്ക് ആർസിബി ടീമിലെടുത്തു. ഡബ്ല്യുപിഎൽ ചരിത്രത്തിൽ ഇതുവരെ 972 റൺസും 14 വിക്കറ്റുകളും നേടിയിട്ടുള്ള പെറി ബാറ്റിംഗിലും ബോളിംഗിലും ടീമിന്റെ നട്ടെല്ലായിരുന്നു.


ആർസിബിക്ക് പുറമെ മറ്റ് ടീമുകളിലും പ്രമുഖ താരങ്ങളുടെ പിന്മാറ്റം ആശങ്കയുണ്ടാക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ സൂപ്പർ താരം അന്നാബെൽ സതർലാൻഡും വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറി. പകരം ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നർ അലാന കിംഗിനെ ഡൽഹി ടീമിലെത്തിച്ചു. ലോകകപ്പിൽ ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ താരമാണ് അലാന. യുപി വാരിയേഴ്സിന്റെ പേസർ താരാ നോറിസ് ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പിന്മാറിയതോടെ, ബിബിഎല്ലിലെ മികച്ച ഓൾറൗണ്ടറായ ചാർലി നോട്ട് ടീമിനൊപ്പം ചേരും.