ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. കരുത്തരായ റോയൽസിനെ 44 റൺസിനാണ് ടൈഗേഴ്സ് കീഴടക്കിയത്. മറ്റൊരു മല്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാന്തേഴ്സിനെ നാല് റൺസിന് തോല്പിച്ച് ഈഗിൾസും ടൂർണ്ണമെൻ്റിലെ രണ്ടാം വിജയം കുറിച്ചു.

ബാറ്റർമാർ കരുത്ത് കാട്ടിയ മല്സരത്തിൽ പാന്തേഴ്സിനെതിരെ ഈഗിൾസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. പതിവ് പോലെ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ വിഷ്ണുരാജിൻ്റെ പ്രകടനം ഈഗിൾസിന് വേഗതയാർന്ന തുടക്കം നല്കി. വിഷ്ണുരാജ് 26 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 40 റൺസെടുത്തു. മധ്യനിരയിൽ മൊഹമ്മദ് കൈഫിൻ്റെയും അക്ഷയ് മനോഹറിൻ്റെയും പ്രകടനവും ഈഗിൾസിന് മുതൽക്കൂട്ടായി. മൊഹമ്മദ് കൈഫ് 30 പന്തുകളിൽ നിന്ന് 61 റൺസും അക്ഷയ് മനോഹർ 12 പന്തുകളിൽ നിന്ന് 34 റൺസും നേടി. പാന്തേഴ്സിന് വേണ്ടി ഗോകുൽ ഗോപിനാഥ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സിന് തകർത്തടിച്ച വത്സൽ ഗോവിന്ദ് മികച്ച തുടക്കം നല്കി. 52 പന്തുകളിൽ ആറ് ഫോറും നാല് സിക്സും അടക്കം വത്സൽ ഗോവിന്ദ് 80 റൺസ് നേടി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മധ്യനിരയിൽ ഒറ്റയ്ക്ക് പൊരുതിയ ക്യാപ്റ്റൻ അബ്ദുൾ ബാസിദിൻ്റെ പ്രകടനവും ശ്രദ്ധേയമായി. 29 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സും അടക്കം 62 റൺസെടുത്ത അബ്ദുൾബാസിദ് പാന്തേഴ്സിന് പ്രതീക്ഷ നല്കി. എന്നാൽ ലക്ഷ്യത്തിന് നാല് റൺസ് അകലെ പാന്തേഴ്സ് പൊരുതി വീണു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമാണ് പാന്തേഴ്സിന് എടുക്കാനായത്. ഈഗിൾസിന് വേണ്ടി വിജയ് വിശ്വനാഥും ജോസ് പെരയിലും മൂന്ന് വിക്കറ്റ് വീതവും ഷൈൻ ജോൺ ജേക്കബ് രണ്ട് വിക്കറ്റും വീഴ്ത്തി.
രണ്ടാം മല്സരത്തിൽ ബാറ്റിങ് – ബൌളിങ് നിരകൾ ഒരു പോലെ ഫോമിലേക്ക് ഉയർന്നപ്പോൾ 44 റൺസിനായിരുന്നു ടൈഗേഴ്സിൻ്റെ വിജയം. 39 പന്തുകളിൽ 63 റൺസെടുത്ത രോഹൻ നായരാണ് ഗൈഗേഴ്സിൻ്റെ ടോപ് സ്കോറർ. അജ്നാസ് 12 പന്തുകളിൽ 28ഉം പ്രീതിഷ് പവൻ 25 പന്തുകളിൽ 36ഉം റൺസെടുത്തു. ഏഴ് പന്തുകളിൽ 17 റൺസെടുത്ത അൻഫലും അവസാന ഓവറുകളിൽ അതിവേഗത്തിൽ സ്കോറുയർത്തി. റോയൽസിന് വേണ്ടി ക്യാപ്റ്റൻ അഖിൽ സ്കറിയ മൂന്ന് വിക്കറ്റും ജോബിൻ ജോബി രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് മുൻ നിര ബാറ്റർമാർ പാടെ നിരാശപ്പെടുത്തിയത് തിരിച്ചടിയായി. 29 റൺസെടുത്ത അഖിൽ സ്കറിയയും 21 റൺസെടുത്ത അക്ഷയും 22 റൺസെടുത്ത ജെറിൻ പി എസും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. 19.4 ഓവറിൽ 147 റൺസിന് റോയൽസ് ഓൾ ഔട്ടായി. ടൈഗേഴ്സിന് വേണ്ടി അഭിറാമും അൻഫലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.