2023-ലെ ദുലീപ് ട്രോഫി കിരീടം സൗത്ത് സോൺ സ്വന്തമാക്കി. സൂപ്പർ താരങ്ങൾ അടങ്ങിയ വെസ്റ്റ് സോണിനെതിരെ അവസാന ദിവസത്തിലെ ആദ്യ സെഷനിൽ തന്നെ സൗത്ത് സോൺ വിജയം ഉറപ്പിച്ചു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹനുമ വിഹാരിയുടെ നേതൃത്വത്തിലുള്ള സൗത്ത് സോൺ 75 റൺസിന്റെ വിജയമാണ് നേടിയത്. സൗത്ത് സോൺ ലിത് പതിനാലാം തവണയാണ് ദുലീപ് ട്രോഫി സ്വന്തമാക്കുന്നത്.
298 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് സോണിന്റെ പ്രധാന താരങ്ങൾ തുടക്കത്തിൽ തന്നെ കൂടാരം കയറിയിരിന്നു. ചെസ്തേശ്വർ പൂജാര (15), സൂര്യകുമാർ യാദവ് (4), പൃഥ്വി ഷാ (7) എന്നിവർ ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ വെസ്റ്റ് സോൺ 79/4 എന്ന നിലയിൽ ആയിരുന്നു.
ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചലും സർഫറാസ് ഖാനും ചേർന്നാണ് അവിടുന്ന് ടീമിനെ കരകയറ്റിയത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 98 റൺസിന്റെ കഠിനമായ കൂട്ടുകെട്ട് രേഖപ്പെടുത്തി. 48 റൺസെടുത്ത സർഫറാസിന്റെ വിക്കറ്റ് രവിശ്രീനിവാസൻ സായ് കിഷോർ സ്വന്തമാക്കിയതോടെ കളി സൗത്ത് സോണിന്റെ കയ്യിലേക്ക് വീണ്ടും വന്നു. നാലാം ദിനം കളി നിർത്തുമ്പോൾ 205 പന്തിൽ 11 ബൗണ്ടറികളടക്കം 92 റൺസുമായി പഞ്ചൽ പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് തുടക്കത്തിൽ തന്നെ പഞ്ചൽ നടങ്ങി.
വെസ്റ്റ് സോൺ 222 റൺസിന് പുറത്തായി. വെറും നാല് റൺസ് എടുക്കുന്നതിനിടയിലാണ് അവരുടെ അവസാന മൂന്ന് വിക്കറ്റുകൾ നഷ്ടമായത്. സൗത്ത് സോണിന് വേണ്ടി വാസുകി കൗശിക്കും സായ് കിഷോറും നാല് വിക്കറ്റ് വീതം വീഴ്ത്തി.