രാഹുൽ ദ്രാവിഡ് ഒരിക്കൽ കൂടെ കയ്യടി വാങ്ങുകയാണ്. ലോകകിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം ബി സി സി ഐ പ്രഖ്യാപിച്ചപ്പോൾ രാഹുൽ ദ്രാവിഡിന് 5 കോടി പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ തുക ദ്രാവിഡ് നിരസിച്ചതായാണ് റിപ്പോർട്ടുകൾ.
സീനിയർ പുരുഷ ടീമിലെ തന്റെ സപ്പോർട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കുന്ന അതേ സമ്മാനം തനിക്കും മതി എന്ന് ദ്രാവിഡ് ബി സി സി ഐയെ അറിയിച്ചു. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെയുള്ള ടീം ഇന്ത്യ അംഗങ്ങൾക്ക് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.
കളിക്കാർക്കും രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപയും, ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുൾപ്പെടെ സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങൾക്ക് 2.5 കോടി രൂപയും ബോണസായി നൽകാനായിരുന്നു തീരുമാനം. എന്നാൽ, 2.5 കോടി രൂപ മാത്രമേ ബോണസായി എടുക്കൂ എന്ന് രാഹുൽ ദ്രാവിഡ് ബോർഡിനോട് പറഞ്ഞു.
നേരത്തെ ദ്രാവിഡ് അണ്ടർ 19 പരിശീലകനായി ലോകകപ്പ് നേടിയപ്പോഴും തനിക്ക് അധിക തുക സമ്മാനമായി ലഭിച്ചപ്പോൾ അത് തിരികെ നൽകി എല്ലാവർക്കും തുല്യ തുക നൽകാൻ ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു.