ഒരു ടെസ്റ്റ് താരമെന്ന നിലയില്‍ തന്റെ കഴിവുകളെ താന്‍ സംശയിച്ച് തുടങ്ങിയിരുന്നുവെന്ന് സമ്മതിച്ച് ജോസ് ബട്‍ലര്‍. ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ 75 റണ്‍സ് സംഭാവന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ആഷസിന് ശേഷമുള്ള മോശം ഫോമും വിക്കറ്റിന് പിന്നിലെ തുടര്‍ച്ചയായ പിഴവുകളം താരത്തിനെ ടീമില്‍ നിന്ന് പുറത്തേക്ക് നയിക്കുമെന്നാണ് കരുതിയത്.
മാഞ്ചസ്റ്ററിലും കീപ്പിംഗ് ഒട്ടേറെ പിഴവുകള്‍ ബട്‍ലര്‍ വരുത്തിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ശതകം നേടിയ ഷാന്‍ മക്സൂദിനെ രണ്ട് തവണയാണ് ഡൊമിനിക് ബെസ്സിന്റെ ബൗളിംഗില്‍ ബട്‍ലര്‍ കൈവിട്ടത്. ആ രണ്ട് അവസരങ്ങളില്‍ ഏതെങ്കിലും ഒന്ന് താന്‍ കൈവിട്ടില്ലായിരുന്നുവെങ്കില്‍ ഇംഗ്ലണ്ട് ഇതിലും എളുപ്പത്തില്‍ ജയിക്കുമെന്നാണ് ബട്‍ലര്‍ സ്വയം വ്യക്തമാക്കിയത്.
ടെസ്റ്റ് ടീമില്‍ താനൊരു ബാധ്യതയായി മാറുകയാണോന്ന് താന്‍ പലയാവര്‍ത്തി ആലോചിച്ചിട്ടുണ്ടെന്നാണ് ബട്‍ലര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോളത്തെ ഈ ഇന്നിംഗ്സ് വളരെ ആശ്വാസമായി തോന്നുകയാണെന്നും ബട്‍ലര്‍വ്യക്തമാക്കി. താന്‍ ഇനിയും കീപ്പിംഗില്‍ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ടെന്ന അറിവ് തനിക്കുണ്ടെന്നും അത് തന്നോട് ആരും അറിയിക്കേണ്ട സാഹചര്യമില്ലെന്നും സ്വയം ബോധ്യമുള്ള കാര്യമാണെന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി.