ലോകം മുഴുവനും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടെ അടുത്ത 12 മാസത്തേക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യതയില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് ബാധ എത്ര കാലം തുടരുമെന്ന് പറയാൻ കഴിയില്ലെന്നും നിലവിൽ എത്ര പേർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും പോലും അറിയില്ലെന്നും അക്തർ പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ ലോകത്ത് ഒരു സ്ഥലത്തും ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യത താൻ കാണുന്നില്ലെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. ഒരു വർഷത്തേക്ക് കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ ഒന്നും നടക്കില്ലെന്നും ഒരു വർഷം കൂടെ കൊറോണ വൈറസ് ബാധ ഞമ്മളെ ബുദ്ധിമുട്ടിക്കുമെന്നും അക്തർ പറഞ്ഞു. കൊറോണ വൈറസ് ബാധ കഴിഞ്ഞ് ഞമ്മള് ശക്തരായി തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അക്തർ പറഞ്ഞു.
ക്രിക്കറ്റ് എന്നത് ആൾക്കാരുമായി സമ്പർക്കമുണ്ടാവുന്ന മത്സരം ആണെന്നും പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമം ഐ.സി.സി പാസാക്കുന്നതിന് താൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും അക്തർ പറഞ്ഞു.