പാക്കിസ്ഥാന്‍ പരമ്പരയിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ നിരാശ – കെയിന്‍ വില്യംസൺ

Sports Correspondent

സെപ്റ്റംബറിൽ പാക്കിസ്ഥാന്‍ പരമ്പരയിൽ നിന്ന് അവസാന നിമിഷം സുരക്ഷ കാരണങ്ങള്‍ കാണിച്ച് പിന്മാറിയ ന്യൂസിലാണ്ട് തീരുമാനത്തിൽ സങ്കടമുണ്ടെന്ന് പറ‍ഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ. റാവൽപിണ്ടിയിലെ ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പാണ് സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കീവിസ് പരമ്പരയിൽ നിന്ന് പിന്മാറിയത്.

പിന്നീട് ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകള്‍ ക്രമീകരിച്ച് പിസിബി ടീമിനെ നാട്ടിലേക്ക് എത്തിച്ചു. അതിന് ശേഷം ഇംഗ്ലണ്ടും തങ്ങളുടെ പരമ്പരയിൽ നിന്ന് പിന്മാറി. ഈ രാജ്യങ്ങളുടെ നടപടിയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലോകം കടുത്ത രീതിയിലാണ് വിമര്‍ശിച്ചത്.

പ്രമുഖ താരങ്ങളില്ലാതെയാണ് ന്യൂസിലാണ്ട് പരമ്പരയ്ക്കായി പാക്കിസ്ഥാനിലെത്തിയത്. ടീം പരമ്പരയില്‍ കളിക്കുവാന്‍ കാത്തിരുന്നതാണെന്നും എന്നാൽ ഇത്തരം പിന്മാറ്റ തീരുമാനങ്ങള്‍ തങ്ങളുടെ കൈയ്യിലുള്ളതല്ലെന്നും കെയിന്‍ വില്യംസൺ വ്യക്തമാക്കി.