2003 ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായപ്പോള്‍ ടീമില്‍ അംഗമായിരുന്നു മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദിനേശ് മോംഗിയ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. അവസാനമായി 2007ല്‍ പഞ്ചാബിന് വേണ്ടിയാണ് താരം കളിച്ചത്. അതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ച താരത്തെ ബിസിസിഐ വിലക്കുകയായിരുന്നു. 1995-96 കാലഘടത്തില്‍ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം 2000-01 സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നേടിയ റണ്‍സ് അത്രയധികം ആയതിനാല്‍ താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുക അസാധ്യമായി മാറിയിരുന്നു.
2002ല്‍ ഗുവഹാട്ടിയില്‍ സിംബാബ്‍വേയ്ക്കെതിരെ 159 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയ താരം ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളില്‍ കളിച്ചപ്പോള്‍ ഒരു ടെസ്റ്റില്‍ പോലും കളിക്കാനായിരുന്നില്ല. 121 ഫസ്റ്റ് ക്ലാസ്സ് മാച്ചുകളില്‍ നിന്നായി 21 ശതകങ്ങള്‍ താരം നേടിയിട്ടുണ്ട്. കൗണ്ടിയില്‍ ലാങ്കാഷയറിനും ലെസ്റ്റര്‍ഷയറിനും വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ദിനേശ് മോംഗിയ.
ഐസിഎല്‍ കളിച്ച പല താരങ്ങളെയും പിന്നീട് ബിസിസിഐ വിലക്ക് നീക്കി ടീമിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസ്സിയേഷന്‍ താരത്തിനെ പിന്നീട് കളിക്കാരനായി പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസ്സിയേഷന് താരത്തെ സംസ്ഥാന സെലക്ടറായി പ്രഖ്യാപിച്ചിരുന്നു.